തിരുവനന്തപുരം :തൃശ്ശൂർ എടുത്ത സുരേഷ് ഗോപിയെ മോദി മന്ത്രി സഭയിലെടുത്തു. രാവിലെ മുതൽ നീണ്ടുനിന്ന അനിശ്ചിതത്വത്തിനോടുവിൽ മോഡിയുടെ ക്ഷണപ്രകാരം തിരുവനന്തപുരത്തുനിന്ന് സുരേഷ്‌ഗോപി ഡല്‍ഹിയിലേക്ക് തിരിച്ചു . ‘അദ്ദേഹം തീരുമാനിച്ചു. ഞാൻ അനുസരിക്കുന്നു’. ഉച്ചയ്ക്ക് 2.30ന് വീട്ടിലെത്തണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിമാനത്താവളത്തിലേക്ക് പോകാൻ വീട്ടില്‍ നിന്നിറങ്ങവെ അദ്ദേഹം മാദ്ധ്യപ്രവർത്തകരോട് പറഞ്ഞു. ബംഗളൂരുവിലെത്തി അവിടെനിന്ന് ചാർട്ടേഡ് വിമാനത്തിലാണ് സുരേഷ്‌ഗോപിയുടെ ഡല്‍ഹിയാത്ര. ക്യാബിനറ്റ് മന്ത്രിയാക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് നേരിട്ട് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
സുരേഷ് ഗോപിയെ കൂടാതെ ബിജെപി ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് കുര്യനും കേരളത്തിൽ നിന്നും മോദി മന്ത്രി സഭയിൽ എത്തും. അപ്രതീക്ഷിതമായി ലഭിച്ച ജോർജ് കുര്യൻ ദേശീയ ന്യുനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ആണ്.
നേരത്തേ, കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി ഉടനില്ലെന്ന തരത്തില്‍ വാർത്ത പുറത്തുവന്നിരുന്നു. കരാർ ഉറപ്പിച്ച സിനിമകള്‍ പൂർത്തിയാക്കേണ്ടതുള്ളതിനാല്‍ തല്‍ക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു സുരേഷ്‌ഗോപി. എന്നാല്‍ മന്ത്രിയായാലേ പറ്റൂ എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേരളത്തില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട എംപി എന്നനിലയില്‍ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി തന്നെ നല്‍കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ തന്നെ ഒഴിവാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം. അവസാനം മോദി നേരിട്ട് വിളിച്ചതോടെ മന്ത്രിയാവാൻ സുരേഷ് ഗോപി തയ്യാറാവുകയായിരുന്നു എന്നാണ് കരുതുന്നത്.
ബിഗ് ബഡ്ജറ്റുകള്‍ ഉള്‍പ്പടെ നാലുസിനിമകളാണ് സുരേഷ്‌ഗോപിക്ക് പൂർത്തിയാക്കാനുള്ളത്. ഇതില്‍ പകുതി പൂർത്തിയാക്കിയതും ഉള്‍പ്പെടും. സിനിമയുടെ ജോലികള്‍ എല്ലാം തീർക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍. മന്ത്രിസഭയിലേക്ക് എത്തുന്നത് ഇതിന് തടസമാകുമെന്ന ആശങ്ക നേരത്തേ തന്നെ സുരേഷ് ഗോപി നേതൃത്വത്തിനെ അറിയിച്ചിരുന്നു.
അതേസമയം കേരളത്തില്‍ നിന്ന് 115 ബിജെപി നേതാക്കള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. പ്രിയ നടൻ മോഹൻലാലിനെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്. നരേന്ദ്ര മോദി നേരിട്ടാണ് മോഹൻലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ മോഹൻലാല്‍ അസൗകര്യം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യക്തിപരമായ ചില അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാല്‍ അറിയിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്‌ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയില്‍വേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, ‘വികസിത് ഭാരത്’ അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികള്‍ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി ഡല്‍ഹിയില്‍ മൂന്നുനിര സുരക്ഷ ഒരുക്കിയിട്ടുള്ളത്.