മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്,;എയിംസ് പ്രതീക്ഷയിൽ കേരളവും1 min read

ഡൽഹി :മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ദീർഘകാലമായുള്ള കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന് കേരളവും പ്രതീക്ഷിക്കുന്നു.

നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാൻ ഉതകുന്ന രണ്ടു വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാർശയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നല്‍കിയിട്ടുള്ളത്. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട് കിനാലൂരില്‍ ഭൂമിയടക്കം കണ്ടെത്തി സംസ്ഥാനം നല്‍കിയതോടെ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

ജി.എസ്‌.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കല്‍ അനുപാതം 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ല്‍നിന്ന് 75 ശതമാനമാക്കല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങള്‍ക്ക്‌ അധികാരം ഉറപ്പാക്കല്‍ എന്നിവ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ആശ, അംഗൻവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണമെന്നതാണ് മറ്റൊന്ന്. ദേശീയപാത വികസനത്തിന് 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കൂടി വേണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

ക്ഷേമ പെൻഷൻ തുകകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്‌, ഭവന നിർമാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവ ഉയർത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. തലശ്ശേരി -മൈസൂരു, നിലമ്ബൂർ-നഞ്ചൻകോട് റെയില്‍ പാതകള്‍, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനുള്ള ധനസഹായം എന്നിവയും കേരളം കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *