ആയുർവേദ ചികിത്സാരംഗത്ത് പ്രഗല്ഭനായ ഭിഷഗ്വരൻ എന്നപേരുംപെരുമയും ആർജ്ജിച്ച ശ്രീനാരാണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനാണ് എൻ.കുഞ്ഞുരാമൻ വൈദ്യർ .1890 ഏപ്രിൽ 2-ാം തീയതി കൊല്ലം, പെരിനാട് തിനവിളവീട്ടിൽ കൊച്ചിക്കായുടെയും നാരായണൻ്റെയുംമകനായി ജനിച്ചു. സ്വന്തം അമ്മാവനായിരുന്നപ്രസിദ്ധ സംസ്കൃതപണ്ഡിതനും ഭിഷഗ്വരനുമായിരുന്ന രാമൻ വൈദ്യരിൽ നിന്നാണ് കുഞ്ഞുരാമൻ സംസ്കൃത ഭാഷയിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിച്ചത്.കൊല്ലം ഗവൺമെൻ്റ് ഹൈസ്ക്കുളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശിവഗിരി സംസ്കൃത സ്കൂളിൽ ചേർന്ന് പഠനംതുടർന്നു. കായിക്കര പി.എൻ.ഗോവിന്ദൻ വൈദ്യൻ്റെ ശിഷ്യത്വം സ്വീകരിച്ച് അഷ്ടാംഗഹൃദയം അഭ്യസിച്ചു.1910-ൽആയൂർവേദത്തിൽ ഉന്നത വിദ്യാഭ്യാസം നേടുവാൻ വേണ്ടി കുഞ്ഞുരാമൻ വൈദ്യർ മദ്രാസിലെ എസ്.കെ.പി. ഡി.ആയൂർവേദ കോളേജിൽ ചേർന്നു.1914-ൽ “ആയൂർവേദ ഭൂഷൺ ” ( A.M. A.C) ബിരുദം നേടി.1914- ആഗസ്റ്റ് മാസത്തിൽ “ശ്രീനാരായണ വിലാസം ആയൂർവേദ ഫാർമസി (SNVA) എന്ന പേരിൽ കൊല്ലത്ത് വൈദ്യശാല ആരംഭിച്ചു. ഗുണമേന്മ കൊണ്ടും വിലക്കുറവുകൊണ്ടും എസ്.എൻ.വി.എ.ഫാർമസിയുടെ മരുന്നുകൾക്ക് കേരളത്തിനകത്തും പുറത്തും അതിവേഗത്തിൽ പ്രചാരംസിദ്ധിക്കുകയും തിരുവനന്തപുരം, തെങ്കാശി, മധുര, മദിരാശി, തിരുനെൽവേലി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഫാർമസി ബ്രാഞ്ചുകൾ ആരംഭിക്കുകയും ചെയ്തു. ആയൂർവേദ ഔഷധ വിപണനരംഗത്ത് നൂതനമായ പലപദ്ധതികളും കേരളത്തിൽ ആരംഭിച്ചത് കുഞ്ഞുരാമൻ വൈദ്യരാണ്. ആധുനിക രീതിയിൽ ആയൂർവേദ ഔഷധങ്ങൾ നിർമ്മിക്കുക, അവയ്ക്കു കാലപ്പഴക്കം മൂലം ഫലക്കുറവു സംഭവിക്കാതിരിക്കത്തക്കവണ്ണം കുപ്പികൾ, ടിന്നുകൾ, പായ്ക്കറ്റുകൾ മുതലായവയിൽ നിറയ്ക്കുക, അവയുടെ പുറത്ത് ആകർഷകമായ രീതിയിൽ ലേബലുകൾ ഒട്ടിച്ച് കളർ പേപ്പറുകളിൽ പായ്ക്കുചെയ്യുക തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളും കേരളത്തിൽ ഇദംപ്രഥമമായി ആരംഭിച്ചത് കുഞ്ഞുരാമൻ വൈദ്യരാണ്. തൻ്റെ സഹോദരൻ പരമുവിനെ കൽക്കട്ടയിൽ അയച്ച് ഈ നവീന രീതികൾ അഭ്യസിപ്പിച്ചശേഷമാണ് അതിവിടെ നടപ്പാക്കിയത്. ആയൂർവേദം പ്രചരിപ്പിക്കാൻ കുഞ്ഞുരാമൻ വൈദ്യർ കൊല്ലത്ത് ഒരു സംസ്കൃത-ആയൂർവേദ സ്കൂൾ 1921-ൽ ആരംഭിച്ചു.ഈ വിദ്യാലയം 30 വർഷം ക്കാലം പ്രവർത്തിച്ചുവെന്നത് മഹത്തായ സേവനമായിരുന്നു. സംസ്കൃത പാഠശാലയിൽ പ്രഥമം മുതൽ ശാസ്ത്രിവരേയും ആയൂർവേദപാഠശാലയിൽ പ്രഥമം മുതൽ തൃതീയം വരെയുംക്ലാസ്സുകൾ ഉണ്ടായിരുന്നു തിരുവിതാംകൂർഗവൺമെൻ്റിൻ്റെ അംഗീകാരവും ധനസഹായവുംലഭിച്ചിരുന്നു. വൈദ്യർ സ്വന്തമായി കൊല്ലത്ത് ഒരു അച്ചുകൂടം സ്ഥാപിക്കുകയും അവിടെ നിന്ന് “ആയൂർവേദം ” എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.1926-ൽ ശ്രീമൂലം പ്രജാസഭയിൽഅംഗമായി തെരഞ്ഞെടുത്തു. 1931-ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിൽ നിന്ന് വൈദ്യർക്ക് ഒരു സ്വർണ്ണ കീർത്തി മുദ്രയും പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.ആയൂർവേദ ചികിത്സാരംഗത്തുമാത്രംഒതുങ്ങി നിന്ന ജീവിതമായിരുന്നില്ല വൈദ്യരുടേത്.കൊല്ലം മുനിസിപ്പൽ കൗൺസിലർ, വില്ലേജ് പഞ്ചായത്ത് ജഡ്ജി, ഓണററി മജിസ്ട്രേട്ട്, ആയൂർവേദ മഹാമണ്ഡലം ജനറൽ സെക്രട്ടറി, 1951-ൽ തിരുവിതാംകൂർ ആയൂർവേദ ഫാക്കൽറ്റിയിലും ആയൂർവേദ ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു., എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചു.ഭാര്യ ലക്ഷമി, 11 മക്കൾ. 1964 ജൂലൈ 19-ാം തീയതി എൻ.കുഞ്ഞുരാമൻ വൈദ്യർഅന്തരിച്ചു.
2024-07-19