27/2/23
നാഗാലാൻഡ് /മേഘാലയ :രണ്ട് സംസ്ഥാനങ്ങളിലുമുള്ള 60 സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും . യു.ഡി.പി. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മേഘാലയയിലെ സോഹിയോങ്ങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. നാഗലാന്‍ഡില്‍ ബി.ജെ.പി ഒരു സീറ്റില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവിലെ ഭരണമുന്നണിയായ യുണൈറ്റഡ് ഡമോക്രാറ്റിക് സഖ്യത്തില്‍ എന്‍.ഡി.പി.പി, ബി.ജെ.പി, എന്‍.പി.എഫ് എന്നീ പാര്‍ട്ടികളാണുളളത്. എന്‍.ഡി.പി.പി. നേതാവ് നെഫിയു റിയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടാം വട്ടം ഊഴം തേടുകയാണ്. നാല് സ്ത്രീകളും 19 സ്വതന്ത്രരുമടക്കം 183 സ്ഥാനാര്‍ത്ഥികളാണ് നാഗലാന്‍ഡില്‍ ജനവിധി തേടുന്നത്. 13 ലക്ഷം പേര്‍ വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. മേഘാലയയില്‍ കോണ്‍റാഡ് സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് മേഘാലയ ഭരിക്കുന്നത്. ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും മത്സരിക്കുന്നു. എന്‍.പി.പി 57 സീറ്റിലും ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ 60 സീറ്റിലും മത്സരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 56 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. യു.ഡി.പി 46 സീറ്റുകളിലും വി.പി.പി 18 ലും എച്ച്.എസ്.ഡി.പി 11 സീറ്റുകളിലും ജനവിധി തേടുന്നു.