എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എൻ സി പി1 min read

 

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിൽ നിന്ന് എ കെ ശശീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻസിപി ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഫെബ്രുവരി ആറാം തീയതി അജിത് പവാർ വിഭാഗത്തെ എൻസിപിയുടെ ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എൻ എ മുഹമ്മദ് കുട്ടിയെയാണ് കേന്ദ്രനേതൃത്വം കേരളത്തിന്റെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രനെ മാറ്റി പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ പകരം മന്ത്രിയാക്കണമെന്ന് കത്തിലുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് ‘ കമ്മീഷന്റെ ഉത്തരവിന്റെ പകർപ്പും കേന്ദ്ര നേതൃത്വം എൻ എ മുഹമ്മദ് കുട്ടിയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പും ചേർത്താണ് , മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.

പി.സി ചാക്കോ കൊടിയും ചിഹ്നവും പേരും ഇല്ലാത്ത പാർട്ടിയുടെ നേതാവായി മാറിയിരിക്കുന്നു. എൻസിപി ശരത്ചന്ദ്ര പവാർ(എൻസിപി-എസ്) എന്ന പേര് മഹാരാഷ്ട്ര രാജ്യസഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം നൽകിയതാണ്. അതുകൊണ്ടുതന്നെ നിലവിൽ പി.സി ചാക്കോ ഉൾപ്പെടുന്ന വിഭാഗത്തിന് അംഗീകാരം പോയിട്ട് പേര് പോലുമില്ലെന്നതാണ് വസ്തുത. കൂടെയുള്ള ആളുകളുടെ ഒഴുക്ക് തടഞ്ഞു നിർത്താൻ ചാക്കോയും ശശീന്ദ്രനും പ്രയാസപ്പെടുകയാണ്. അതിനുവേണ്ടി അവർ നടത്തുന്ന ചെപ്പടി വിദ്യകളെ സാധാരണ പാർട്ടി പ്രവർത്തകർ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. പാർട്ടിയുടെ തീരുമാനത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും വെല്ലുവിളിച്ച് മലപ്പുറത്ത് വിമതവിഭാഗം നടത്തിയ  യോഗത്തിന് ഇടയിലേക്ക് ഔദ്യോഗിക വിഭാഗത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് എത്തുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. തുടർന്ന് അവർക്ക് പരിപാടി അവസാനിപ്പിച്ചു പോകേണ്ടതായി വന്നു. തുടർന്നും വിമത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *