തിരുവനന്തപുരം :നാഷണൽ ആയുഷ് മിഷന്റെയും നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പള്ളിച്ചൽ, വിളപ്പിൽ പഞ്ചായത്തുകളിൽ യഥാക്രമം പട്ടികജാതി വിഭാഗത്തിലുള്ളവർക്കും പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. പള്ളിച്ചലിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ജീവിത ശൈലീ രോഗ പരിശോധനയും ചികിത്സയും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടന്നു.
വിളപ്പിൽ പഞ്ചായത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീനകുമാറാണ് ഉദ്ഘാടനം ചെയ്തത്. ജീവിത ശൈലീ രോഗ നിർണയം, ചികിത്സ, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ആയുഷ് വകുപ്പിന്റെയും പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വികസന വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.