തിരുവനന്തപുരം: നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. നവജാത ഐസിയുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ തുടര്‍പരിചരണം മെച്ചപ്പെടുത്താന്‍ പ്രത്യേക കോള്‍ സംവിധാനവും നാളെ ആരംഭിക്കും. പ്രത്യേക പരിശീലനം നേടിയ സ്റ്റാഫ് നഴ്സുമാരാണ് ഈ സേവനം നിര്‍വഹിക്കുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സുഖം പ്രാപിച്ച 75 നവജാത ശിശുക്കളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പമുണ്ടാകും.
നവജാത ശിശു മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. നവജാത ശിശു പരിചരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനം നടത്തിയ ആസൂത്രിതമായ ഇടപെടലുകള്‍ കാരണമാണ് ഈ നേട്ടം കൈവരിക്കാനായത്. സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ഊന്നല്‍ കൊടുക്കുന്നതും നവജാതശിശു ഐസിയുകളും ഗൃഹകേന്ദ്രീകൃത പരിചരണ സംവിധാനവും തമ്മില്‍ ബന്ധപ്പെടുത്തി കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. സ്ഥാപനങ്ങളേയും പൊതുസമൂഹത്തിന്റേയും കൂട്ടായ ഇടപെടലുകളിലൂടെ നവജാത ശിശുക്കളുടെ സമഗ്ര പരിചരണം ഉറപ്പ് വരുത്താനാണ് ലക്ഷ്യമിടുന്നത്.