കെഎസ്ആര്‍ടിസി ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും.
ഇന്ന് മുതല്‍ https//www.onlineksrtcswift.com എന്ന വെബ്സൈറ്റിലും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് റിസര്‍വേഷൻ ചെയ്യാനുള്ള സൗകര്യം ലഭിക്കുകയുള്ളൂ. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ചുവടുമാറ്റം കൊണ്ടുവന്നിരിക്കുന്നത്.
പതിവിലും വ്യത്യസ്ഥമായി നിരവധി ഫീച്ചറുകളാണ് പുതിയ പ്ലാറ്റ്ഫോം യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബസ് സര്‍വീസ് ആരംഭിച്ച് കഴിഞ്ഞാല്‍ തന്നെ പിന്നീട് വരുന്ന പുതിയ സ്ഥലങ്ങളില്‍ ലഭ്യമായ സീറ്റുകളില്‍ ബുക്കിംഗ് നടത്താൻ കഴിയുന്നതാണ്. ഇത്തവണ ലൈവ് ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ, യാത്രക്കാര്‍ ബസുകള്‍ സെര്‍ച്ച് ചെയ്യുമ്പോൾ തന്നെ കൂടുതല്‍ ബസുകള്‍ ലഭിക്കുന്നതാണ്. എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമേ, വാട്സ്ആപ്പ് മുഖേനയും ബുക്കിംഗ് സംബന്ധമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അറിയാൻ കഴിയും. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍, റീഫണ്ടുമായി ബന്ധപ്പെട്ടുളള കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നതുമാണ്.