നെയ്യാറ്റിൻകര ഗോപന്റെ ഹൃദയവാൽവിൽ രണ്ട് ബ്ലോക്ക്‌ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്1 min read

തിരുവനന്തപുരം :നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൃദയവാൽവിൽ രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്.

പ്രമേഹം ബാധിച്ച്‌ കാലുകളില്‍ മുറിവുണ്ടായിരുന്നു. അസുഖങ്ങള്‍ മരണകാരണമായോയെന്ന് വ്യക്തമാക്കാൻ ആന്തരിക പരിശോധനാഫലം വരണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൃതദേഹത്തില്‍ ക്ഷതമില്ല. വിഷാംശം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങള്‍ക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. വായ്ക്കുള്ളില്‍ ഭസ്മത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത് ഉള്ളിലേക്ക് ഇറങ്ങിയിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.

ആന്തരികാവയവങ്ങളുടെ പരിശോധനാഫലങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആശ്യപ്പെട്ട് കോടതി മുഖാന്തരം ഫോറൻസിക് ലബോറട്ടറി ഡയറക്ടർ, കെമിക്കല്‍ എക്സാമിനേഷൻ ലബോറട്ടറി ചീഫ് കെമിക്കല്‍ എക്സാസാമിനർ, പത്തോളജി വിഭാഗം മേധാവി എന്നിവർക്ക് നോട്ടീസ് നല്‍കും.

ഗോപന്റെ മരണത്തില്‍ പരാതികള്‍ ഉയർന്നതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സമാധി പൊളിച്ച്‌ മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടം ചെയ്തത്. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *