15/9/23
തിരുവനന്തപുരം :നിപ ബാധിച്ച് ചികിത്സയിലിരുന്ന് മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തിയ വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലുളള ചെറുവണ്ണൂര്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.
രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണെന്നും സമ്പർക്ക പട്ടികയിലുളളവരുടെ എണ്ണം കൂടുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. മറ്റ് മന്ത്രിമാരായ എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും ഉണ്ടായിരുന്നു. രോഗിക്കൊപ്പം ആശുപത്രിയില്‍ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിപ ബാധിച്ച് ആഗസ്റ്റ് 30ന് ചികിത്സയിലിരുന്ന വ്യക്തി മരിക്കുന്ന സമയത്ത് അദ്ദേഹവും ആശുപത്രിയില്‍ ഉണ്ടായിരുന്നെന്ന് മന്ത്രി പറഞ്ഞു.
നിപ ടെസ്റ്റുകള്‍ കൂടുതല്‍ നടത്താനുളള സജീകരണങ്ങള്‍ ഒരുക്കും. പരിശോധനകള്‍ ജില്ലയില്‍ തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടിക തയ്യാറാക്കാൻ മൊബൈല്‍ ലൊക്കേഷൻ വരെ ഉപയോഗിക്കും. ജില്ലയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തന്നെ നേതൃത്വം നല്‍കും. പരിശോധനാഫലം നെഗറ്റീവായാലും 21 ദിവസം വരെ ഐസൊലേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനുശേഷവും പരിശോധന നടത്തുന്നതാണ്.
വവ്വാലുകളെ ഓടിക്കാൻ ശ്രമിക്കുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച വ്യക്തി ചികിത്സയിലിരുന്ന സമയത്ത് അതേ ആശുപത്രിയില്‍ പോയവര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അതേസമയം വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി പി കെ മുഹമ്മദ് റിയാസ് പറഞ്ഞു. ജാനകി കാട്ടില്‍ കാട്ടുപന്നി ചത്ത സംഭവത്തില്‍ പരിശോധന നടത്തുന്നതിനായി ഡോ.അരുണ്‍ സക്കറിയക്ക് ചുമതല കൈമാറിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.