തിരുവനന്തപുരം: ഇലക്ട്രല്‍ ബോണ്ട് അഴിമതിയുടെ ഭാഗമല്ലെന്നും നിയമപരമായ വഴിയിലൂടെയാണ് പണം സമാഹരിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികള്‍ക്കും അതിന്റെ ഗുണവും ലഭിച്ചിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് അക്കൗണ്ടിലേക്കുള്ള പണം മാറ്റം ശരിയായ രീതിയില്‍ തന്നെയാണ് നടന്നത്. കള്ളപ്പണ ഇടപാടല്ല നടന്നത് .ഇത് നികുതി ഉള്ളതാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രുപയാണ് യാതൊരു രേഖകളും ഇല്ലാതെ സ്യൂട്ട്‌കേസു വഴി പാര്‍ട്ടി ഫണ്ടിനായി സമാഹരിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന സാമ്പത്തിക വിദഗ്ധര്‍ വ്യവസായ പ്രമുഖര്‍, മറ്റ് വിവിധമേഖലകളിലുള്ളവരുമായി നടന്ന ‘രാഷ്ട്രീയ തുടര്‍ച്ച സാമ്പത്തിക ഭദ്രതയ്ക്ക് ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മലാസീതാരാമന്‍. കള്ളപ്പണം ഇല്ലായ്മ ചെയ്യുന്നതിനും അഴിമതി തുടച്ച് നീക്കുന്നതിനുള്ള നടപടികള്‍ ശക്തമായി രാജ്യത്ത് നടക്കുന്നുണ്ട്. എന്തൊക്കെ പ്രതിസന്ധി ഉണ്ടെങ്കിലും മുന്നോട്ട് പോവുക തന്നെ ചെയ്യും. അഴിമതിയില്ലാത്ത ഭരണസംവിധാനം രാജ്യത്തെ മുന്നോട്ട് നയിച്ചു. ചുവപ്പുനാട ഇല്ലാതായി.
കൊവിഡിന് ശേഷം ഏറ്റവുമധികം വളര്‍ച്ച കൈവരിച്ച സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ലോകത്തിലെ ഏതൊരു ബാങ്കുകളോടും കിടപിടിക്കാവുന്ന രീതിയില്‍ രാജ്യത്തെ ബാങ്കുകളെ മാറ്റാന്‍ സാധിച്ചു.എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയും കൂടിയാലോചിച്ചുമാണ് ഓരോ പദ്ധതികളും നടപ്പിലാക്കുന്നത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് രാജ്യത്തെ മദ്ധ്യവര്‍ഗം ഉയര്‍ന്നു. അവരുടെ ജീവിത നിലവാരം ഉയര്‍ന്നു. അതിനര്‍ത്ഥം ദര്‍ദ്രര്‍ കുറയുന്നുവെന്നാണെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തുടര്‍ച്ച അത്യാവശ്യമാണ്. പത്ത് വര്‍ഷത്തെ കഠിനാധ്വാനം നഷ്ടപ്പെടുത്താന്‍ അനുവദിക്കരുത്. തുടര്‍ഭരണമാണ് ആവശ്യപ്പെടുന്നതെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍ മോഡറേറ്ററായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രേശഖര്‍, സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.