18/7/23
തിരുവനന്തപുരം :
1958: കെ.എസ്.യുവിന്റെ ഒരണ സമരത്തിലൂടെ രാഷ്ട്രീയ വഴിയിലേക്ക്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ യൂണിറ്റ് സെക്രട്ടറി.
1965: കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി.
1967: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്.
1969: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.
1970: പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക്.
1971: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി.
1977: സംസ്ഥാന തൊഴില്‍മന്ത്രി. തൊഴിലില്ലായ്‌മ വേതനം നടപ്പാക്കുന്നു.
1981: കരുണാകരൻ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി. യൂണിഫോം പരിഷ്‌കാരത്തിലൂടെ പൊലീസ് വേഷം നിക്കറില്‍ നിന്ന് പാന്റ്‌സിലേക്ക്.
1982: ഐക്യജനാധിപത്യമുന്നണി കണ്‍വീനര്‍
1991: സംസ്ഥാന ധനകാര്യമന്ത്രി.
1994: കരുണാകരൻ മന്ത്രിസഭയില്‍ നിന്നുള്ള രാജി.
1995: നിയമസഭാ പ്രവേശത്തിന്റെ രജതജൂബിലി.
2001: ഐക്യജനാധിപത്യമുന്നണി കണ്‍വീനറായി രണ്ടാം തവണ. മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം.
2004: ഓഗസ്റ്റ് 30ന് മുഖ്യമന്ത്രിയായി രണ്ടാമൂഴം.
2005: മുഖ്യമന്ത്രിയായിരിക്കേ മേയ് 23ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം വനത്തിലൂടെ നടന്ന് മറയൂര്‍ കമ്പക്കല്ലിലെ 1,040 കോടിയുടെ കഞ്ചാവുകൃഷി നശിപ്പിക്കാൻ നേരിട്ടെത്തി.
2006: സ്വിറ്റ്സര്‍ലൻഡിലെ ദാവോസില്‍ വെച്ച് മഞ്ഞുപാളിയില്‍ തെന്നിവീണ് ഇടുപ്പെല്ലിന് പരിക്ക്.
2013: ഒക്ടോബര്‍ 27ന് മുഖ്യമന്ത്രിക്ക് നേരേ കണ്ണൂരില്‍ വച്ചുണ്ടായ കല്ലേറില്‍ പരിക്കേറ്റു.
2013: ജനസമ്പർക്ക പരിപാടിക്ക് യു.എൻ. അവാര്‍ഡ്.
2006: പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2018: കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി.
2020: നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണജൂബിലി വര്‍ഷം.
53വർഷം പുൽപള്ളി വാണ രാജാവ്
27വയസിൽ രണ്ട് തവണ ജയിച്ചിട്ടുള്ള സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ ഇ.എം. ജോര്‍ജി ൻ മേൽ 7,288 വോട്ടുകള്‍ക്ക് ഉമ്മൻചാണ്ടി വിജയം . 1970 ഒക്ടോബര്‍ നാല് മുതല്‍ നിയമസഭാംഗം.
രണ്ടാം ജയം (1977)
അടിയന്തരാവസ്ഥ കാരണം 1975 സെപ്‌തംബറില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 1977 മാര്‍ച്ച് 19ന്. പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ രണ്ടാമൂഴം. ജയം 15,910 വോട്ടിന്. ജനതാ പാര്‍ട്ടയിലെ പി.സി ചെറിയാൻ എതിര്‍സ്ഥാനാര്‍ത്ഥി.
111 സീറ്റ് എന്ന സര്‍വകാല റെക്കാഡ് നേടിയ യു.ഡി.എഫ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 25ന് അധികാരത്തിലേറി. അതില്‍ ഉമ്മൻ ചാണ്ടി 33 ാം വയസില്‍ തൊഴില്‍വകുപ്പ് മന്ത്രിയായി. രാജൻ കേസിലെ കോടതിവിധിയെ തുടര്‍ന്ന്, ഒരു മാസം കഴിഞ്ഞപ്പോള്‍ ഏപ്രില്‍ 25ന് കരുണാകരൻ മന്ത്രിസഭ രാജിവച്ചു. എ.കെ ആന്റണി 36 – ാം വയസില്‍ മുഖ്യമന്ത്രിയായി. ഉമ്മൻ ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തുടര്‍ന്നു.
മൂന്നാം ജയം (1980)
– കോണ്‍ഗ്രസിലെ അഖിലേന്ത്യാ പിളര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഒരു വിഭാഗം ദേവരാജ് അരശ് അദ്ധ്യക്ഷനായ കോണ്‍ഗ്രസിന്റെ ഭാഗമായി. കോണ്‍ഗ്രസ് -യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍ നിന്ന് മത്സരിച്ച് ഉമ്മൻചാണ്ടി ജയിച്ചത് 13,659 വോട്ടിന്. എൻ.ഡി.പിയിലെ എം.ആര്‍.ജി പണിക്കര്‍ എതിരാളി. 16 മാസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് – യു മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് – എ രൂപീകരിച്ച് ഉമ്മൻ ചാണ്ടി എ വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി.
കോണ്‍ഗ്രസ് – എ ഉള്‍പ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1981 ഡിസം 28ന് പുതിയ മന്ത്രിസഭ. ഉമ്മൻചാണ്ടി ആഭ്യന്തരമന്ത്രി.
നാലാം ജയം (1982)
സ്വതന്ത്രസ്ഥാനാര്‍ത്ഥി തോമസ് രാജൻ എതിരാളി. ഉമ്മൻ ചാണ്ടിയുടെ ജയം 15,983 വോട്ടിന്. 1982 ഡിസംബര്‍ 13ന് ഇന്ദിരാഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനത്തില്‍ രണ്ടു കോണ്‍ഗ്രസുകളും ലയിച്ചു. കെ. കരുണാകരൻ നിയമസഭാ കക്ഷിനേതാവും ഉമ്മൻചാണ്ടി ഉപനേതാവും.
അഞ്ചാംജയം (1987)
സി.പി.എമ്മിലെ വി.എൻ. വാസവനെതിരെ 9,164 വോട്ടിനു ജയം.
ആറാം ജയം (1991)
സി.പി.എമ്മിലെ വി.എൻ. വാസവൻ രണ്ടാംതവണയും എതിരാളി. 13,811 വോട്ടിന് ഉമ്മൻചാണ്ടിയുടെ ജയം. 1991 ജൂണ്‍ 24ന് കെ. കരുണാകരൻ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി ധനമന്ത്രിയുമായി.
ഏഴാം ജയം (1996)
സി.പി.എമ്മിലെ റെജി സഖറിയയ്‌ക്കെതിരെ 10,155 വോട്ടിനു ജയം.
എട്ടാം ജയം (2001)
അപ്രതീക്ഷിത എതിരാളി ഇടതുസ്വതന്ത്ര വേഷത്തില്‍ ചെറിയാൻ ഫിലിപ്പ്. ഉമ്മൻചാണ്ടിയുടെ ജയം 12,575 വോട്ടിന്. എ.കെ. ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രി. ഉമ്മൻചാണ്ടി വീണ്ടും യു.ഡി.എഫ് കണ്‍വീനറായി. കെ.പി.സി.സി അദ്ധ്യക്ഷനും എം.പിയുമായിരുന്ന കെ. മുരളീധരൻ തത്‌സ്ഥാനങ്ങള്‍ രാജിവച്ച് വൈദ്യുതിമന്ത്രിയായി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ഒഴികെ 19 സീറ്റിലും യു.ഡി.എഫ് തോറ്റു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ ആന്റണി രാജിവച്ചു. ഉമ്മൻചാണ്ടി 2004 ഓഗസ്‌റ്റ് 31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി. അതിവേഗം, ബഹുദൂരം മുഖ്യമുദ്രാവാക്യമാകുന്നത് അപ്പോള്‍.
ഒൻപതാം ജയം (2006)
സി.പി.എമ്മിലെ സിന്ധു ജോയി മുഖ്യഎതിരാളി. ഉമ്മൻ ചാണ്ടിയുടെ ജയം 19,863 വോട്ടിന്.
പത്താം ജയം (2011)
സി.പി.എമ്മിലെ സുജ സൂസൻ ജോര്‍ജ് എതിര്‍സ്ഥാനാര്‍ത്ഥി. 33,255 എന്ന പടുകൂറ്റൻ ഭൂരിപക്ഷം നേടി ഉമ്മൻചാണ്ടിയുടെ ജയം. കേരളം ശ്വാസമടക്കി നിന്ന വോട്ടെണ്ണലിലൂടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് 72: 68.
2011 മേയ് 18ന് ഉമ്മൻചാണ്ടി രണ്ടാംതവണ മുഖ്യമന്ത്രിയായി.
വികസനവും കരുതലും മുഖ്യമുദ്രാവാക്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനമെങ്കിലും പിന്നീട് വിവാദമഴ. സോളാര്‍, ബാര്‍കോഴ ആരോപണങ്ങള്‍ സര്‍ക്കാരിനെ ക്ഷീണിപ്പിച്ചു.
11-ാം ജയം (2016)
എസ്.എഫ്.ഐ നേതാവ് ജയ്‌ക് സി.തോമസ് എതിരാളി. ഉമ്മൻ ചാണ്ടിയുടെ ജയം 27,092 വോട്ടിന്.
12-ാം ജയം (2021)
ജയ്‌ക് സി.തോമസിനെ വീണ്ടും 9044 വോട്ടുകൾക്ക്പരാജയപ്പെടുത്തി.