തിരുവനന്തപുരം : ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ ഇന്ത്യന്‍ പൗരന്മാരില് കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേര് കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 15) നാട്ടില്‍ തിരിച്ചെത്തി. മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നത്.
ഡല്‍ഹിയില്‍ നിന്നുളള വിസ്താര UK 883 വിമാനത്തില്‍ ഇന്ന് (ഒക്ടോ 15)രാവിലെ 07.40 നാണ് 11 പേര് കൊച്ചിയിലെത്തിയത്. വൈകിട്ട് എഴു മണിയോടെ എയര്‍ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തില്‍ 15 പേരും കൊച്ചിയിലെത്തി. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്. കെ.ആര്, ആര്.രശ്മികാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇതുവരെ 75 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. കൊച്ചി വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയത്. നേരത്തേ ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് എൻ.ആർ കെ ഡവലപ്മെന്റ് ഓഫീസർ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.