ഷാരോണിന്റെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു1 min read

 

തിരുവനന്തപുരം :ഷാരോണിന്റെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന പരിശോധന ഫലം പുറത്ത്. ഷാരോണ്‍ രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14-ാം തീയതിയിലെയും, 17-ാം തീയതിയിലെയും രക്തപരിശോധനാഫലങ്ങളാണ് പുറത്തു വന്നത്.

ആദ്യ രക്തപരിശോധനാ ഫലത്തില്‍ ബിലിറൂബിന്‍ കൗണ്ട് ഒന്നാണ്. എന്നാല്‍ രണ്ടു ദിവസത്തിനിടെ ബിലിറൂബിന്‍ കൗണ്ട് അഞ്ചായി ഉയര്‍ന്നുവെന്ന് റിസള്‍ട്ട് വ്യക്തമാക്കുന്നു. ആദ്യ രക്തപരിശോധനാ ഫലത്തില്‍ ഷാരോണിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വ്യക്തമാകുന്നത്.

ആന്തരികാവയവങ്ങള്‍ക്കും കാര്യമായ തകരാറൊന്നും ആദ്യ പരിശോധനാഫലത്തില്‍ സൂചിപ്പിക്കുന്നില്ല. ഷാരോണിന്റെ വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും തുടര്‍ന്നുള്ള റിസള്‍ട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ രാജ് മരിച്ചത്.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച്‌ വാങ്ങാന്‍ മൂന്നാം വര്‍ഷ ബിഎസ്‌എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്ന് റെജിന്‍ പറയുന്നു.

പെണ്‍കുട്ടി നല്‍കിയ കഷായവും ജ്യൂസും കുടിച്ച്‌ അവശനായ ഷാരോണ്‍ രാജിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷാരോണ്‍ രാജിനെ വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.

നീതി തേടി മരിച്ച ഷാരോണ്‍ രാജിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോക്കല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *