പെണ്ണടയാളങ്ങൾ’ – സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു1 min read

 

തിരുവനന്തപുരം :നെടുമങ്ങാട് നഗരസഭാ പരിധിയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസിലാക്കുന്നതിനും പ്രശ്‌നപരിഹാരത്തിന് നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി തയാറാക്കിയ ‘പെണ്ണടയാളങ്ങൾ – സ്ത്രീ പദവി പഠനം ‘ പദ്ധതി റിപ്പോർട്ട,് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പ്രകാശനം ചെയ്തു. സ്ത്രീകളുടെ തൊഴിലും സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഫിറ്റ്‌നസ് സെന്റർ, ഡ്രൈവിംഗ് പരിശീലനം തുടങ്ങി വനിതകൾക്കായി നെടുമങ്ങാട് നഗരസഭ നടപ്പാക്കുന്ന പദ്ധതികളെല്ലാം തന്നെ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വിദ്യാ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനം സാധ്യമാക്കിയത്. വ്യക്തിപരം, തൊഴിൽ, വരുമാനം, സ്വയം നിർണ്ണയാവകാശം, ആരോഗ്യം, അതിക്രമം, വിനോദം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിലൂടെ ശേഖരിച്ചത്. 18 നു മുകളിൽ പ്രായമുളളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. പഠന റിപ്പോർട്ടിൽ നഗരസഭാ പരിധിയിലെ 71% സ്ത്രീകളും തൊഴിൽരഹിതരാണെന്ന് കണ്ടെത്തി. എന്നാൽ 70% സ്ത്രീകളും തൊഴിൽ ലഭ്യമായാൽ ഏറ്റെടുക്കാൻ തയാറാണ്. ഭൂരിഭാഗം പേർക്കും ഡിജിറ്റൽ സാക്ഷരത ഇല്ലെന്നും കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി നിരവധി നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്. വിവാഹപ്രായം 23 ന് മുകളിൽ എത്തിക്കാനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കണം. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കണം, മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം വ്യാപിപ്പിക്കണം തുടങ്ങി നിരവധി നിർദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.

നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, നെടുമങ്ങാട് സിഡിപിഒ ജെഷിത. തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *