പെണ്ണടയാളങ്ങള്‍ – സ്ത്രീ അവസ്ഥാ പഠന റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചു1 min read

തിരുവനന്തപുരം :ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്ത്രീകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനും, പ്രശന പരിഹാരത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനുമായി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘പെണ്ണടയാളങ്ങള്‍ – സ്ത്രീ അവസ്ഥാ പഠനം ‘ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് മെമ്മോറിയല്‍ ഹാളില്‍ ഐ.ബി സതീഷ് എം.എല്‍.എ പ്രകാശനം നിര്‍വഹിച്ചു. സ്ത്രീ സംതൃപ്തയും സുരക്ഷിതയും ആയിരിക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ വികസനം സാധ്യമാകൂ എന്ന് എം.എല്‍.എ പറഞ്ഞു.

ജില്ലാ ആസൂത്രണ സമതിയുടെ നേതൃത്വത്തില്‍ വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സാമ്പത്തിക സ്ഥിതിവിവര കണക്ക് എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ പഠനം നടത്തിയത്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് കുമാര്‍. ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ത്രീകളുടെ വ്യക്തിപരം, തൊഴില്‍, വരുമാനം, സ്വയം നിര്‍ണ്ണയാവകാശം, ആരോഗ്യം, അതിക്രമം, വിനോദം തുടങ്ങിയ പ്രധാന മേഖലകളില്‍ നിന്നുള്ള വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിച്ചത്. 18 നു മുകളില്‍ പ്രായമുളള 81,000 സ്ത്രീകളെ ആണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയാഡാളി എം. വി, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം, മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ തന്മയ സോള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, മറ്റു പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *