ന്യൂഡല്‍ഹി : ഭാര്യയായ 15 വയസ്സുള്ള കുട്ടിയുമായുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
ഇങ്ങിനെ 15 വയസ്സുള്ള കുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതിയുടെ നടപടി ഡല്‍ഹി ഹൈക്കോടതി ശരിവാക്കുകയായിരുന്നു.
2014 ഡിസംബറിലാണ് മുസ്‌ലിം യുവാവ് ഈ കുട്ടിയെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷമാണ് ഇവര്‍ തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. അതിനാല്‍ പോക്സോ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്താൻ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, നീന ബൻസാല്‍ കൃഷ്ണ എന്നിവര്‍ വിധിച്ചു. സെക്‌ഷൻ 375 പ്രകാരം 15 വയസ്സില്‍ താഴെയാണെങ്കില്‍ പോലും ഭാര്യയുമായുള്ള ലൈംഗിക ബന്ധം പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി വിലയിരുത്തികയുണ്ടായി . കുട്ടിയുടെ മൊഴി കണക്കിലെടുത്ത് പോക്‌സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരമുള്ള ഒരു കുറ്റവും ഇയാള്‍ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. “ഇരയായ കുട്ടി ഏകദേശം പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ആളാണെങ്കിലും പ്രതിയുടെ ഭാര്യയായതിനാല്‍, ഇരയുമായുള്ള പ്രതിയുടെ ശാരീരിക ബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കാൻ കഴിയില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി . പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നു, “കോടതി രേഖപ്പെടുത്തി.
2015ല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുട്ടിയുടെ അമ്മയാണ് പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയും കോടതി രേഖപ്പെടുത്തി. 2014 ഡിസംബറില്‍ വിവാഹിതയായതിനുശേഷമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞ വിവരം അമ്മയ്‌ക്ക് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഗര്‍ഭിണിയായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍ക്കുകയായിരുന്നു.പക്ഷെ Cr.PC സെക്ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയ മൊഴിയില്‍, പ്രതി വിവാഹത്തിന് മുമ്പ് തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇര ബോധിപ്പിക്കുകയായിരുന്നു ചെയ്തത്.