മുഖ്യമന്ത്രിക്കും മകൾ വീണക്കും എതിരായ അന്വേഷണം; മാത്യു കുഴൽനാടന്റെ ഹർജി കോടതി സ്വീകരിച്ചു1 min read

 

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി സ്വീകരിച്ചത്.
സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ അനുമതി നൽകിയതടക്കം നിരവധി ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ ഹർജിയിൽ ഉന്നയിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന് പ്രതിഫലമായി വീണാ വിജയന്റെ എക്സാലോജിക് കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്.തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ പിണറായി വിജയനെതിരെ മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സിഎംആർഎൽ കമ്പനിക്കായി ഇടപെട്ടെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണൽ നിസ്സാര വിലയ്ക്ക് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. 40,000 കോടി രൂപയുടെ കരിമണൽ ഖനനംചെയ്തു. സംസ്ഥാനത്തിന് ‍ഇതുവഴി വലിയ നഷ്ടമുണ്ടായി. സിഎംആർഎൽ ആരോപണങ്ങളിൽ സർക്കാരിനോ പാർട്ടിക്കോ മറുപടിയില്ല. വ്യവസായ മന്ത്രി മറുപടി പറഞ്ഞത് ഒറ്റവരിയിൽ മാത്രമാണ്. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം പിന്നിൽ. മകളെ പൊതുസമക്ഷത്ത് വലിച്ചുകീറാൻ ഇട്ടുകൊടുക്കാതെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാവണമെന്നും വീണാ വിജയനാണ് ഇതിന് ഉത്തരവാദിയെങ്കിൽ അതും തുറന്നുപറയാൻ തയാറാവണമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *