തിരുവനന്തപുരം :കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി 2025 നവംബറിന് മുൻപ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് അതിനായി ജില്ലകളില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ നാലുമേഖലകളില് അവലോകന യോഗങ്ങള് സെപ്തംബര് 26, 29 ഒക്ടോബര് 3, 5 തിയതികളില് തിരുവനന്തപുരം, തൃശൂര്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില് ചേരാന് നിശ്ചയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാലിന്യം വലിച്ചെറിയാതിരിക്കല് ഉൾപ്പെടെയുള്ള കാര്യങ്ങളില് സഹകരിക്കാന് പൊതുപരിപാടികളില് പ്രതിജ്ഞ എടുക്കുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2025 നവംബര് ഒന്നിനു മുൻപ്കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്നു മുക്തമാക്കി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള നടപടികള് അതിവേഗം പുരോഗമിക്കുകയാണ്. 2023, 2024 വര്ഷങ്ങളില് ലക്ഷ്യമിട്ടിരിക്കുന്ന എണ്ണം കൈവരിക്കുന്നതോടെ അതിദരിദ്രരായ 93 ശതമാനം പേരെയും അതിദാരിദ്ര്യത്തില്നിന്നു മുക്തമാക്കാന് കഴിയും. തിരുവനന്തപുരത്ത് 7278ഉം കൊല്ലത്ത് 4461ഉം പത്തനംതിട്ടയില് 2579ഉം കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുക്കുന്ന യോഗങ്ങളില് ആദ്യ യോഗമാണ് ഇന്നലെ നടന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു .അതി ദാരിദ്ര്യ നിര്മ്മാര്ജനം, ലൈഫ്, ആര്ദ്രം, വിദ്യാകിരണം, ഹരിത കേരള മിഷന് എന്നീ മിഷനുകള്, ദേശീയ പാത, മലയോര ഹൈവേ, തീരദേശ പാത എന്നിവയടക്കം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്, കോവളംബേക്കല് ഉള്നാടന് ജലഗതാഗതം, മാലിന്യമുക്തകേരളം എന്നിവയാണ് ഈ യോഗങ്ങളില് പൊതുവായി അവലോകനം ചെയ്ത് വേണ്ട തീരുമാനങ്ങളില് എത്തുന്നത്.
ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്മാര് കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങളാണ് മറ്റൊരു പരിഗണനാവിഷയം.വികസനവുമായി ബന്ധപ്പെട്ട് ജില്ലകളിൽ തടസ്സപ്പെട്ട് കിടക്കുന്നവയോ പുരോഗതിയില്ലാത്തതോ ആയ വിവിധ പദ്ധതികളും ചര്ച്ചചെയ്യുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. സംസ്ഥാന തലത്തില് വിവിധ വകുപ്പുകള് തമ്മില് ഏകോപനമില്ലാതെ തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളുണ്ടാകും. ഇവയൊക്കെ പരിഹരിക്കാനുള്ള ഇടപെടലുകള് മേഖലാ അവലോകന യോഗത്തിന്റെ ഭാഗമായി ഗൗരവമായി ചര്ച്ച ചെയ്യുന്നുണ്ട്. സമയബന്ധിതമായി തീര്പ്പാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. ഭരണാനുമതി കിട്ടാനുള്ള പദ്ധതികള് ഉണ്ടെങ്കില് ഭരണാനുമതി ലഭ്യമാക്കാന് നടപടിയെടുക്കുന്നുണ്ട്.
മേഖലാ അവലോകന യോഗങ്ങളിലേക്കായി 14 ജില്ലകളില് കണ്ടെത്തിയ, 265 വിഷയങ്ങളില് 241 എണ്ണം ജില്ലാതലത്തില് തന്നെ പരിഹാരം കണ്ടു.സംസ്ഥാനതലത്തില് പരിഗണിക്കേണ്ടതായി 703 വിഷയങ്ങളാണ് വന്നത്.തിരുവനന്തപുരത്ത് നടന്ന മേഖലാ അവലോകന യോഗത്തില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിഷയങ്ങളാണ് പരിഗണിച്ചത്.
ജൂലൈ മധ്യത്തോടു കൂടി ആരംഭിച്ച പ്രക്രിയയാണ് ഇത്. പരിമിതമായ സമയത്തിനുള്ളില് പ്രശ്ന പരിഹാരത്തില് കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഈ ഉദ്യമത്തില് പഠിച്ച പാഠങ്ങള് ഭാവിയില് സമാനമായ പ്രക്രിയകള് കാര്യക്ഷമമായി നടപ്പിലാക്കാന് പ്രചോദനമാണ്. വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക ശ്രദ്ധ, പ്രശ്ന പരിഹാരം വേഗത്തിലാക്കാന് നല്ല തോതില് സഹായിച്ചിട്ടുണ്ട്.
ഉറവിട മാലിന്യ വേര്തിരിവിലും വീടുതോറുമുള്ള അജൈവ മാലിന്യ ശേഖരണത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില് മികച്ച മുന്നേറ്റമുണ്ടാക്കാന് കഴിഞ്ഞതായി യോഗം വിലയിരുത്തി. തീരദേശ മാലിന്യ സംസ്കരണ പദ്ധതികള്ക്കു കൂടുതൽ ശ്രദ്ധ നല്കും. മുട്ടത്തറയിലെ സ്വീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് മികച്ച രീതിയില് പ്രവര്ത്തിക്കുന്നുണ്ട്. ഇതിനു പുറമേ ആറ്റിങ്ങൽ , വര്ക്കല, നെയ്യാറ്റിൻകര , പാറശാല, ചിറയിൻ കീഴ്, അഴൂർ , കള്ളിക്കാട് എന്നിവിടങ്ങളില് പുതിയ പദ്ധതികൾ അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊല്ലം കുരീപ്പുഴ കേന്ദ്രീകരിച്ച് 12 എംഎല്ഡിയുടെ പ്ലാന്റ് നിര്മാണം പുരോഗമിക്കുന്നുണ്ട്. മയ്യനാട് ഒരു എസ്ടിപിക്കും കരുനാഗപ്പള്ളിയില് എഫ്‌എസ്ടിപിക്കും അംഗീകാരം നല്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില് മാലിന്യമുക്തം നവകേരളം പദ്ധതിക്കായി മികച്ച ക്യാംപെയിന് നടക്കുന്നുണ്ട്. പറക്കോട്, പന്തളം, ഇലന്തൂര് ബ്ലോക്കുകളുടെ നേതൃത്വത്തില് പ്രത്യേക ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില് ഇനിയും പൂര്ത്തിയാകാനുള്ളവ അതിവേഗത്തില് പൂര്ത്തിയാക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ ക്യാംപെയിന് തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില് വിപുലമാക്കും.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് സിഡബ്ല്യുപിആര്‌എസിന്റെ പഠന റിപ്പോര്ട്ട് വേഗത്തില് ലഭ്യമാക്കുന്നതിനും തുറമുഖത്തെ ഡ്രഡ്ജിങ് വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. പുലിമുട്ടിന്റെ തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കു ഭാഗത്തേക്ക് സാന്ഡ് ബൈപാസിങ് വഴി നീക്കം ചെയ്യുന്നതിനുള്ള നടപടികള് അതിവേഗം പൂര്ത്തിയാക്കണമെന്നും അവലോകന യോഗം തീരുമാനിച്ചു.
കോവളം ബേക്കൽ ജലപാതയുടെ ജില്ലയിലെ നിര്മാണ പുരോഗതി യോഗം വിലയിരുത്തി. തടസ്സങ്ങള് അടിയന്തരമായി പരിഹരിച്ച് പദ്ധതി ഉടന് യാഥാര്ഥ്യമാക്കും. മലയോര ഹൈവേ പദ്ധതി അഞ്ചു റീച്ചുകളായി തിരുവനന്തപുരം ജില്ലയില് നിര്മാണം പുരോഗിക്കുന്നു. തീരദേശ ഹൈവേയുടെ 74.2 കിലോമീറ്ററാണു ജില്ലയില് വരുന്നത്. ഇതില് ഒന്നാം പാലം മുതല് പള്ളിത്തുറ വരെയുള്ള 21.53 കിലോമീറ്ററില് ഫോര്വണ് 4(1) നോട്ടിഫിക്കേഷന് പ്രസിദ്ധപ്പെടുത്തി. ബാക്കിയുള്ള 51.98 കിലോമീറ്ററിൽ കല്ലിടൽ / ജിയോടാഗിങ് പൂര്ത്തിയായി.
ആര്ദ്രം മിഷനിലുൾപ്പെടുത്തി പത്തനംതിട്ട ജില്ലയിലെ 24 സ്ഥാപനങ്ങള് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. 11 സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില് ഒരെണ്ണം ബ്ലോക്ക് ലെവല് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്ത്തി. ഒ.പി പരിവര്ത്തനത്തിനായി തിരഞ്ഞെടുത്ത അഞ്ച് മേജര് ആശുപത്രികളില് രണ്ടെണ്ണം പൂര്ത്തിയായി.
പത്തനംതിട്ട ജില്ലയില് പൊതു വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളുടേയും നിര്മാണം പൂര്ത്തിയായി. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങളില് ആറെണ്ണവും ഒരു കോടി രൂപ ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടവും പൂര്ത്തിയാക്കി. നിര്മാണം പൂര്ത്തിയാകാനുള്ളവ അടിയന്തിരമായി പൂര്ത്തിയാക്കാന് അവലോകന യോഗത്തില് നിര്ദ്ദേശം നല്കി.
കൊല്ലം ജില്ലയില് ഒരു കോടി ചെലവഴിച്ച സ്കൂള് കെട്ടിട പദ്ധതിയില് കുണ്ടറ കെജിവി യുപിസ്കൂളിന് സ്ഥലം ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാക്കാന് പ്രത്യേക ശ്രദ്ധ വേണമെന്ന് അവലോകന യോഗം നിര്ദ്ദേശിച്ചു. ഇത്തരം അവലോകനവും അതിന്റെ ഭാഗമായുള്ള നടപടികളും ഒരു തുടർ പ്രക്രിയയായി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.