മുഖ്യമന്ത്രിക്കെതിരായ ചാമക്കാലയുടെ പരാതി ;പ്രോസിക്യൂഷൻ നടപടി ഗവർണറുടെ പരിഗണയിൽ1 min read

22/9/22

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള പരാതി പരിഗണിക്കുന്നത് ഗവർണർ പ്രോസീക്യൂഷൻ ഉത്തരവ് നൽകിയാൽ മാത്രം.ഗവർണർ പ്രോസീക്യൂഷൻ ഉത്തരവ് നൽകുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാനം.

തന്റെ കർമ്മമണ്ഡലമായ കണ്ണൂർ ജില്ലയിലെ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തുകളും ഗവർണർ തന്നെ പുറത്തുവിട്ടിരുന്നു.

മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണെന്നും മുഖ്യമന്ത്രിക്കെതിരെ പോലിസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെ ന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപച്ചിരിക്കുന്നത്. പരാതിയിൽ പ്രാഥമിക വാദം കേട്ട കോടതി തുടർവാദത്തിനായി ഈ മാസം 29 ലേക്ക് മാറ്റി. പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാ ട്ടിയപ്പോൾ, അനുമതിക്ക് ഇന്ന് തന്നെ ഗവർണ്ണറുടെ ഓഫീസിനെ സമീപിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് കേസ് പരിഗണിച്ചത്

മുഖ്യമന്ത്രിക്കെതിരായുള്ള പ്രോസിക്യൂഷൻ അനുമതിയ്ക്കുള്ള അപേക്ഷ ജ്യോതികുമാർ ഇന്ന് ഗവർണറുടെ ഓഫീസിൽ സമർപ്പിക്കുകയും ചെയ്തു. പ്രോസീക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ മുഖ്യമന്ത്രിക്കെതിരായുള്ള പരാതിയിൽ കോടതിക്ക് തുടർനടപടി സ്വീകരിക്കാ നാവൂ.

മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകണമോ എന്ന് തീരുമാനിക്കേണ്ടത് ഗവർണറാണ്. ഗവർണർ ഒക്ടോബർ 3 ന് മടങ്ങി എത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
അഴിമതി നിരോധന നിയമപ്രകാരം അനുമതി നൽകുന്നതിന് മുൻപ് കുറ്റാരോപിതന്റെ വിശദീകരണം കേട്ട ശേഷം മാത്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി പുനർനിയമനം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നേരത്തെ ഹർജി ഫയൽ ചെയ്തിരുന്നുവെങ്കിലും പ്രോ ചാൻസലർ എന്ന പദവി ഉപയോഗിച്ചാണ് ചാൻസലർ കൂടിയായ ഗവർണർക്ക് കത്തെഴുതിയതെന്ന വാദം സ്വീകരിച്ച് പരാതി തള്ളുകയായിരുന്നു. എന്നാൽ സർവ്വകലാശാലാ വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ നിയമപരമായി ഒരവകാശവുമില്ലാതിരിക്കെ വിസി നിയമനത്തിനുള്ള അദ്ദേഹത്തിന്റെ ശുപാർശ സ്വജനപക്ഷപാത മാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *