തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ മത ധ്രൂവീകരണം ലക്ഷ്യമിട്ട് ന്യൂനപക്ഷ വികാരം ആളിക്കത്തിക്കാൻ എൽഡിഎഫും യുഡിഎഫും അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. നരേന്ദ്രമോദിയുടെ വികസന ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ന്യൂനപക്ഷങ്ങൾ വോട്ട്
എൻഡിഎക്ക് നൽകും എന്ന് എൽഡിഎഫും യുഡിഎഫും മനസിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ വോട്ട് ബിജെപിലേക്ക് ഒഴുകുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ വികാരം ആളിക്കത്തിക്കുന്നതിന് വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂർ കഴിഞ്ഞ ദിവസം തീരദേശ മേഖലകളിൽ വിതരണം ചെയ്ത നോട്ടീസ്. തിരുവനന്തപുരത്ത് മാരാർജി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് ഇത്തരം ഒരു തരംതാണ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ശശി തരൂരും യുഡിഎഫും തയ്യാറാക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഈ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രത്യേകിച്ചും കടലോര മേഖലയിലെ ജനങ്ങളുടെ പാവപ്പെട്ടവരുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കാത്ത ഒരു ജനപ്രതിനിധി എന്ന നിലയിൽ കേവലം വട്ടപൂജ്യമാണ് ശശിതരൂർ. അതിൻ്റെ വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ ഉണ്ടാകും എന്ന് കണ്ടതുകൊണ്ടാണ് ഇതുപോലുള്ള നോട്ടീസ് കടലോരമേഖലയിലെ ക്രൈസ്തവ ഭവനങ്ങളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയിട്ടുള്ളത്. മാത്രമല്ല ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇതുപോലെ എൽഡിഎഫ് മാധ്യമങ്ങളിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം അത്യന്തം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാ
ണ്. ചില പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന തെരഞ്ഞെടുപ്പ് പ്രചാരണം മണിപ്പൂരിലെയും അതുപോലെയുള്ള സംഭവങ്ങളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് മതവികാരത്തെ ആളിക്കത്തിക്കാനാണ് അവരും ശ്രമിച്ചിട്ടുള്ളത്. രണ്ടും തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണ്. ഇതിനെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഈ അവസാന നിമിഷത്തിൽ ജനങ്ങൾ തെറ്റിദ്ധരിക്കാൻ പാടില്ല. ഈ കേരളത്തിലെ ജനങ്ങൾ സത്യാവസ്ഥ മനസ്സിലാക്കി എൻഡിഎ ക്ക് അനുകൂലമായി വോട്ടവകാശം വിനിയോഗിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ വിഭവങ്ങളുടെ ആദ്യഭാഗം നൽകേണ്ടത് ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ഉള്ള മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവർക്കാണ്. ഇതാണ് യഥാർത്ഥ മതേതരത്വം അതാണ് ബിജെപിയുടെ നയം. ഭരണഘടനാ ലംഘനം നടത്തി എസ് സി -എസ്ടി സംവരണം വെട്ടിക്കുറച്ച് ഏതെങ്കിലും മതങ്ങൾക്ക് മതപരമായ സംവരണം ഉൾപ്പെടുത്തുന്ന കോൺഗ്രസ് നിലപാടിനെയാണ് ഞങ്ങൾ വിമർശിക്കുന്നത്. ഭരണഘടനക്ക് എതിരായ കോൺഗ്രസിൻ്റെ ഈ നയത്തെ വിമർശിക്കുന്നത് മുസ്ലിങ്ങൾക്കെതിരാണ് എന്ന വ്യാഖ്യാനം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നാണ് ഐഎൻഡി നേതാവായ രാഹുൽ ഗാന്ധി ചോദിക്കുന്നത്. മറിച്ച് എം.വി. ഗോവിന്ദനും സി പി എമ്മും ചോദിക്കുന്നത് രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും വധേരയെയും അറസ്റ്റു ചെയ്യാത്തതെന്താണെന്നാണ്. ഇരുകൂട്ടരും പരസ്പരം സമ്മതിക്കുന്നത് ഇരുകൂട്ടരും അഴിമതി നടത്തി ജയിലിൽ പോകേണ്ടവർ എന്നാണ്. സമയമാകുമ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഐഎൻഡിയിലെ ഈ നേതാക്കന്മാരെ എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം നേതാക്കന്മാരുടെയും പ്രവർത്തകരുടെയും വലിയൊരു പ്രവാഹം കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ഉണ്ടാകും. കേരളത്തിൽ ഇരു മുന്നണികൾക്ക് എതിരായി മുഖ്യധാരയിൽ രംഗത്ത് വന്നിരിക്കുന്നത് എൻഡിഎ ആണ്.
ബിജെപി കേരളത്തിൽ അട്ടിമറി വിജയം നേടും. തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ പുതിയ ധ്രൂവീകരണത്തിനും രാഷ്ട്രീയ സമവാക്യങ്ങൾക്കും കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരെ അവഹേളിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹവും അപലപനീയവും : പി.കെ. കൃഷ്ണദാസ്.
മാധ്യമപ്രവർത്തകരെ അവഹേളിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹവും അപലപനീയവുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേരളത്തിലെ മാധ്യമപ്രവർത്തനത്തെക്കുറിച്ചും മാധ്യമപ്രവർത്തകരെ കുറിച്ചും വളരെ മോശമായ പരാമർശം നടത്തുകയുണ്ടായി. കേരളത്തിലെ മാധ്യമ പ്രവർത്തനം ചെറ്റത്തരം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അങ്ങനെയാണെങ്കിൽ മാധ്യമ പ്രവർത്തകരെ എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വളരെ വ്യക്തമാണ്.
മാധ്യമ പ്രവർത്തനത്തെ ചെറ്റത്തരം എന്നു വിളിച്ച മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള പരനാറി പ്രയോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തുന്ന ഏറ്റവും ഹീനമായിട്ടുള്ള പദപ്രയോഗമാണ് മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയിട്ടുള്ളത്. ഇതിൽ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടും കേരളത്തിലെ പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.