എൻ ഡി എ സ്ഥാനാർത്ഥിയുടെ സ്വീകാര്യതയിൽ പരിഭ്രാന്തരായ എൽ ഡി എഫ് തെറ്റായ പ്രചരണം നടത്തുന്നു: വിവി രാജേഷ്.1 min read

തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം തിരുവനന്തപുരത്തെ ബിജെപി ഇതര ജനവിഭാഗങ്ങൾ ഉൾപ്പെടെ സ്വീകരിച്ചതോടെ പരിഭ്രാന്തരായ എൽ ഡി എഫ് നേതൃത്വം തെറ്റായ പരാതികളുമായി മുന്നോട്ട് പോവുകയാണെന്ന് എൻ ഡി എ പാർലമെൻ്റ് മണ്ഡലം കൺവീനർ അഡ്വ:വിവി രാജേഷ് പറഞ്ഞു. പൂജപ്പുര എൽ ബി എസിൽ കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ 10.30 നും,എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 11 മണിയ്ക്കും വിദ്യാർത്ഥികളുമായി സംവദിച്ചു. ഒരേസ്ഥാപനത്തിൽ ഒരേ ദിവസം നടന്ന രണ്ട് പരിപാടികളിൽ ഒന്ന് മാത്രം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുന്നതെന്ന് രാജേഷ് ചോദിച്ചു. 5 വർഷം കൊണ്ട് തിരുവനന്തപുരത്തെ 5 ലക്ഷം യുവാക്കളെ തൊഴിൽ നൈപുണ്യമുള്ളവരാക്കിമാറ്റുമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ പ്രഖ്യാപനം തലസ്ഥാനത്തെ യുവജനങ്ങളും, മാതാപിതാക്കളും ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല ദുരിതമനുഭവിയ്ക്കുന്ന പൊഴിയൂരുൾപ്പെടെയുള്ള തീരദേശമേഖലയിലെയും പ്രശ്നങ്ങൾ പരിഹരിയ്ക്കുന്ന തരത്തിലുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടൽ ന്യൂനപക്ഷ,മത്സുതൊഴിലാളി മേഖലകളിലുണ്ടാക്കിയ മാറ്റം എൽ ഡി എഫിനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.സമ്പൂർണ്ണ പരാജയമായ യുഡിഎഫ് എം പി യെ ജനങ്ങളും,പാർട്ടി പ്രവർത്തകരും പോലും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിയ്ക്കുവാനുള്ള എൽ ഡി എഫ് പരിശ്രമത്തിൻ്റെ ഭാഗമായാണ് എൻ ഡി എ സ്ഥാനാർത്ഥിയെക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സി എ എ കേസുകൾ പിൻവലിയ്ക്കുവാനും, പ്രസ്തുത കേസുകൾ എത്രയും വേഗത്തിൽ കോടതികളിൽ എത്തിയ്ക്കുവാനും സർക്കുലർ പുറപ്പെടുവിച്ച സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കുമെനും വിവി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *