തിരുവനന്തപുരം :എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നാടേശനെതിരായ ഭീഷണി മുസ്ലിം ലീഗ് നിർത്തണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. യോഗം ജനറൽ സെക്രട്ടറിയുടെ കോലം കത്തിക്കുന്നതുൾപ്പെടെയുള്ള പ്രകോപനകരമായ കാര്യങ്ങൾ ചെയ്ത് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ലീഗ് ശ്രമിക്കുന്നത്. 80 വയസ്സ് പൂർത്തിയായവർ കടൽക്കിഴവന്മാർ ആണെന്ന് മുസ്ലിം ലീഗിന് അഭിപ്രായമുണ്ടോ ? ആദരണീയനായ വെള്ളാപ്പള്ളി നടേശനെതിരെ ലീഗ് എം.എൽ.എ നടത്തിയ ആക്ഷേപവും ഭീഷണിയും ലീഗിൻ്റെ ഔദ്യോഗിക അഭിപ്രായമാണോയെന്നും കൃഷ്ണദാസ് ചോദിച്ചു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനും ഭീഷണിപ്പെടുത്തുവാനും ഉള്ള നീക്കം ലീഗ് ഉൾപ്പെടെ മുസ്ലിം സംഘടനകൾ അവസാനിപ്പിക്കണം. ഭീഷണിക്ക് മുന്നിൽ പതറുന്ന നേതാവല്ല വെള്ളാപ്പള്ളി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. ലീഗിനും മുസ്ലിം മതമൗലികവാദികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ എല്ലാവരും സംസാരിക്കണമെന്ന് പറഞ്ഞാൽ അത് നടക്കില്ല. വെള്ളാപ്പള്ളിക്കു പിന്തുണയും സംരക്ഷണവും നൽകാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
2025-04-07