ഏക സിവിൽകോഡിനെതിരെ മുസ്ലിം കോഡിനേഷൻ കമ്മറ്റി സെമിനാറിൽ കെ ടി കുഞ്ഞിക്കണ്ണൻ സിപിഎം പ്രതിനിധി1 min read

24/7/23

കോഴിക്കോട് :ഏക സിവിൽകോഡിനെതിരെ മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ സിപിഎമ്മിനെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും.ഈ മാസം 26-ന് കോഴിക്കോട്ടാണ് സെമിനാർ . സെമിനാറിലേയ്ക്ക് സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം സലാം നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രീയ സംഘടനകള്‍ക്കായല്ല സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് അദ്ധ്യക്ഷനായ സാദിഖലി ഷിഹാബ് തങ്ങളാണ് മുസ്ലീം കോഓര്‍ഡിനേഷൻ കമ്മിറ്റിയുടെ ചുമതലക്കാരൻ.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മും കഴിഞ്ഞ ആഴ്ച സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സമസ്ത അടക്കം സെമിനാറില്‍ പങ്കെടുത്തെങ്കിലും ലീഗ് ക്ഷണം നിരസിച്ചിരുന്നു. സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതാണ് ഇതിനുള്ള കാരണമെന്നാണ് ലീഗ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ലീഗിന്റെ മേതൃത്വത്തില്‍ രാഷ്ട്രീയ പശ്ചാത്തലത്തിലല്ലാതെ നടത്തുന്നതെന്ന് നേതൃത്വം തന്നെ വിശദീകരിക്കുന്ന സെമിനാറിലേയ്ക്ക് സിപിഎം ക്ഷണിക്കപ്പെടുന്നത്.

അതേസമയം മുസ്ലിംലീഗ് സെമിനാറില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇ.കെ.വിഭാഗം സുന്നികളടക്കം മുസ്ലിം മത-സാമുദായിക സംഘടനകളിലെ പ്രമുഖ നേതാക്കളെല്ലാം സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തിരുന്നു.താമരശ്ശേരി രൂപതയിലെ ഫാ.ജോസഫ് കളരിക്കല്‍ ,കോഴിക്കോട് രൂപതയിലെ ഫാ.ജൻസണ്‍ മോണ്‍സിലോര്‍ പുത്തൻവീട്ടില്‍, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി എന്നിവര്‍ ചടങ്ങില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എം നടത്തിയ സെമിനാര്‍ വിജയമായതായി സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തി. ഏകീകൃത സിവില്‍ കോഡ്, മണിപ്പൂര്‍ കലാപ വിഷയങ്ങള്‍ ഇടതുമുന്നണി ഏറ്റെടുത്ത് തുടര്‍ പ്രചരണ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *