പ്ലാസ്റ്റിക്ക്‌ മാലിന്യത്തെ സോപ്പാക്കി മാറ്റി ഗവേഷകര്‍1 min read

അമേരിക്കയിലെ വിര്‍ജീനിയ ടെക് സര്‍വകലാശാലയിലെ ഗവേഷകരാണ് പഴയ പ്ലാസ്റ്റിക്കില്‍ നിന്നും സോപ്പ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. പോളിഎഥിലീനെ ഫാറ്റി ആസിഡിലേക്കും തുടര്‍ന്ന് സോപ്പിലേക്കും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഗവേഷകരിലൊരാള്‍ കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക്കില്‍ നിന്നും സോപ്പെന്ന ആശയം ഉടലെടുക്കുന്നത്. ക്രിസ്മസ് കാലത്ത് വീട്ടില്‍ തീകായുകയായിരുന്ന സര്‍വകലാശാലയിലെ കെമിസ്ട്രി വിഭാഗം അധ്യാപകരിലൊരാളായ ഗുയലാങ് ലിയുവിന്റെ തലയിലാണ് ഇത്തരമൊരാശയം ആദ്യം  ഉണ്ടാവുന്നത്. വിറക് കത്തുമ്പോൾ  ഉയരുന്ന പുകയില്‍ വിറകിന്റെ അംശമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. സമാനമായി പ്ലാസ്റ്റിക് കത്തിക്കുന്നത് പഠനം മുന്നോട്ട് പോകാൻ സഹായകരമാകുമെന്ന് അദ്ദേഹത്തിന് മനസിലാകുകയായിരുന്നു.

പ്ലാസ്റ്റിക് കത്തിക്കുമ്പോൾ  വിറകിലേതുപോലുള്ള പോളിമറുകള്‍ ചെയിനുകളായി രൂപമാറ്റം സംഭവിക്കുകയും പിന്നീട് വാതക തന്മാത്രകളായി മാറുകയും ചെയ്യുന്നുണ്ട്. ഈ പോളിമറുകളെ വേര്‍തിരിച്ചാണ് ഗവേഷകര്‍ പഠനം മുന്നോട്ടു കൊണ്ടു പോയത്. ഗവേഷകര്‍ പ്ലാസ്റ്റിക് കത്തിക്കാനായി ഓവന് സമാനമായ ഒരു ഉപകരണം നിര്‍മ്മിച്ചെടുക്കുകയും അമിതമായി ഇത് കത്തി പോകാതിരിക്കാനായി വേണ്ട സംവിധാനങ്ങളും ഉപകരണത്തില്‍ ഘടിപ്പിച്ചാണ് പരീക്ഷണം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തി കഴിഞ്ഞപ്പോള്‍ മെഴുക് രൂപത്തില്‍ കിട്ടിയ വസ്തുവിനെ പിന്നീട് ഇവര്‍ സോപ്പാക്കി മാറ്റുകയായിരുന്നു. ഈ രീതി പോളിഎഥിലീൻ, പോളിപ്രോപ്പലീൻ എന്നീ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളില്‍ മാത്രമേ പ്രാവര്‍ത്തികമാകുകയുള്ളൂവെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *