13/9/23
തിരുവനന്തപുരം : ബി ജെ പി യുടെ തലമുതിർന്ന നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം.
ബി ജെ പി മുൻ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ബി ജെ പി എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988 -95 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുനിന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്.
1946 ഡിസംബര്‍ ഒൻപതിന് കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹൈസ്‌ക്കൂള്‍ പഠനകാലത്ത് ആര്‍ എസ് എസില്‍ ആകൃഷ്ടനായ അദ്ദേഹം, 1965ല്‍ കണ്ണൂര്‍ ജില്ലയിലെ പ്രചാരകനായി. ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായും, തൃശൂര്‍ ജില്ലാ പ്രചാരകനായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് 21 മാസം ജയിലില്‍ കിടന്നിട്ടുണ്ട്. കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബര്‍ എന്നിവടങ്ങളില്‍ മേഖലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലപാടിൽ ഉറച്ചു നിൽക്കുന്ന അദ്ദേഹം അവിവാഹിതനാണ്.