തിരുവനന്തപുരം :അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി
സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളും
ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും
സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാസംഗമം കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. എന്താണോ അഭിരുചി അത് കണ്ടെത്തി മുന്നേറാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് ജോർജ് കുര്യൻ പറഞ്ഞു.
ഭയമോ, കുറ്റബോധമോ ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കരുത് എന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
മുഴുവൻ എ പ്ലസ് നേടിയവർക്ക് മലയാളം പോലും എഴുതാൻ അറിയില്ലെന്ന വിമർശനം ഉയരുന്ന കാലത്ത് വിജയം ഭാഗ്യം കൊണ്ടല്ലെന്ന് തെളിയിക്കാൻ ഉള്ള ഉത്തരവാദിത്തവും വിദ്യാർത്ഥികൾക്ക് ഉണ്ടെന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞു. വെല്ലുവിളികളെ നേരിടാനും പരാജയങ്ങളെ അവസരങ്ങൾ ആക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി.ലൈജു, സെൻ്റ് ജോസഫ് സ്കൂൾ മാനേജർ ഫാദർ സന്തോഷ് കുമാർ, ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എ. രാധാകൃഷ്ണൻ നായർ എന്നിവരും പങ്കെടുത്തു.