വന്യജീവി ആക്രമണം കാര്‍ഷിക സംരംഭങ്ങള്‍ക്ക് വെല്ലുവിളി : വി.മുരളീധരൻ _സംരംഭകസംഗമം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം :കൃഷിയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ ഇല്ലാത്തതാണ് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കാത്തതിൻ്റെ കാരണമെന്ന്
കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ കാര്‍ഷിക മേഖല വലിയ വെല്ലുവിളി നേരിടുകയാണ്. വന്യജീവി ആക്രമണം ഉത്പാദനത്തെ സാരമായി ബാധിച്ചു. പതിനായിരം വാഴ നട്ടാല്‍ അതില്‍ രണ്ടായിരവും ആന കൊണ്ടുപോകുമെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിളകൾ കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും തട്ടിയെടുക്കുകയാണെങ്കില്‍ എങ്ങനെ കാര്‍ഷിക സംരംഭങ്ങള്‍ സാധ്യമാവുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

കേന്ദ്രം നിർദേശിച്ച നടപടികൾ കൈകൊണ്ടിരുന്നുവെങ്കിൽ
ഇപ്പോള്‍ കേരളം നേരിടുന്ന വന്യജീവി ആക്രമണ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നെടുമങ്ങാട് സംരംഭകസംഗമവും വായ്പ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകനെ സ്വയം പര്യാപ്തനാക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നയം.
കൃഷി ചെയ്യാനാവശ്യമായ സാഹചര്യം കര്‍ഷകര്‍ക്ക് ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. മികച്ച ഉല്‍പാദനം ഉറപ്പാക്കിയാലേ കാര്‍ഷിക സംരഭങ്ങള്‍ വിജയിക്കൂ.

സംരഭകത്വത്തിലൂടെ കര്‍ഷക കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന “സഹസ്രദളം” കേരളത്തിനാകെ മാതൃകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *