തിരുവനന്തപുരം :ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
ഡ്രോൺ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സംഘടനയിൽ നിന്നോ, സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം പ്രവൃത്തി ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള അടിസ്ഥാന യോഗ്യത.
വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയവും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിലുള്ള പരിചയവും അഭികാമ്യമാണ്. കൂടാതെ സ്വന്തമായി നാനോ ഡ്രോൺ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ്, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയയ്ക്കാൻ സംവിധാനമുള്ള ലാപ്‌ടോപ്, സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ എന്നിവയുള്ളവർക്ക് മുൻഗണനയുണ്ടാകും.
അപേക്ഷകർ ക്രിമിനൽ കേസുകളിൽപെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടാകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 5 വൈകിട്ട് അഞ്ചിന് മുൻപായി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2731300 ഇ-മെയിൽ dioprdtvm@gmail.com