പ്രേമചന്ദ്രന്‍ മതേതരത്വത്തിന്‍റെ മുഖം- സി.ആര്‍. മഹേഷ് എം.എല്‍.എ1 min read

 

ചവറ : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ മതേതരത്വത്തിന്‍റെ മുഖമാണെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള ചവറ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ മതേതര സ്വഭാവം നിലനിര്‍ത്തുന്നതില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും വ്യക്തവും ശക്തവുമായ നിലപാട് കൈക്കൊള്ളുന്ന ജനനേതാവാണ് പ്രേമചന്ദ്രനെന്ന് മഹേഷ് പറഞ്ഞു. നമ്മുടെ രാജ്യത്തെ ഇന്നുകാണുന്ന അവസ്ഥയില്‍ നിലനിര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതേതര സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഉറപ്പാക്കുന്നതുമൂലമാണ്. എന്നാലത് ഇല്ലാതാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ വര്‍ഗ്ഗീയ അജണ്ടയ്ക്കെതിരെ ശക്തമായി പൊരുതുന്ന പാര്‍ലമെന്‍റേറിയനാണ് എന്‍.കെ. പ്രേമചന്ദ്രന്‍. ഏറ്റവും അവസാനം പാര്‍ലമെന്‍റില്‍ കാര്യമായ ചര്‍ച്ചകള്‍ നടത്താതെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നിയമങ്ങളും ചട്ടങ്ങളും പാസാക്കിയെടുത്ത പൗരത്വ ഭാദഗതി ബില്ലിനെതിരെ ശക്തമായ നിലപാട് നാം കണ്ടതാണ്. ഇത്തരത്തില്‍ രാജ്യത്തെ ബാധിക്കുന്ന നിലപാട് സ്വീകരിക്കുന്ന പ്രേമചന്ദ്രന്‍റെ സാന്നിദ്ധ്യം ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അനിവാര്യമാണ്.

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുന്ന ഒരേയൊരു പാര്‍ലമെന്‍റംഗമാണ് പ്രേമചന്ദ്രന്‍. കശുവണ്ടി തൊഴിലാളികളുടെയും മത്സ്യതൊഴിലാളികളുടെയുമെല്ലാം പ്രശ്നങ്ങളില്‍ അദ്ദേഹം സജീവ ഇടപെടലുകള്‍ നടത്തുന്നു. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ വികസനത്തിനുവേണ്ടി അക്ഷീണം പോരാടുന്ന ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ആ വികസനത്തിന്‍റെ തുടര്‍ച്ചയ്ക്കും പ്രേമചന്ദ്രന്‍റെ വിജയം അനിവാര്യമാണെന്ന് മഹേഷ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഒരു മതേതര സോഷ്യലിസ്റ്റ് ഗവണ്‍മെന്‍റ് വരുന്നതിനുവേണ്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്ര രാജ്യത്തുളവാക്കിയ പ്രതികരണം ചെറുതല്ല. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള അവസരമാണ് ഏപ്രില്‍ 26 ന് നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോലത്ത് വേണുഗോപാലിന്‍റെ അദ്ധ്യക്ഷതയില്‍ ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. രാജന്‍, രാജേന്ദ്ര പ്രസാദ്, വി.എസ്. ശിവകുമാര്‍, സുരേഷ് ബാബു, കെ.എസ്. വേണുഗോപാല്‍, നൗഷാദ് യൂനുസ്, പി. ജെര്‍മ്മിയാസ്, സൂരജ് രവി, പ്രകാശ് മൈനാഗപ്പള്ളി, സി.എസ്. മോഹന്‍കുമാര്‍, സുല്‍ഫിക്കര്‍ സലാം, ജമാല്‍ കുറ്റിവട്ടം, സി.പി. സുധീഷ്കുമാര്‍, മാമ്മൂലയില്‍ സേതുക്കുട്ടന്‍, മെയ്യേഴത്ത് ഗിരീഷ്, സന്തോഷ് തുപ്പാശ്ശേരില്‍, എ.എം. സാലി, കിണറുവിള സലാവുദ്ദീന്‍, റാം മോഹന്‍, ആറ്റൂര്‍ ഷാജഹാന്‍, പ്രഭ അനില്‍, ചവറ ഹരീഷ്, ജസ്റ്റിന്‍ ജോണ്‍, പൊന്മന നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *