കൊല്ലം : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ മതേതരത്വത്തിന്‍റെ ആള്‍രൂപമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ പറഞ്ഞു.
യു.ഡി.എഫ് കൊല്ലം തെരഞ്ഞെടുപ്പ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.കെ. പ്രേമചന്ദ്രന്‍റെ പൊതുപ്രവര്‍ത്തന പാരമ്പര്യം കൊല്ലം നിവാസികള്‍ക്ക് പരിചിതമാണ്. അദ്ദേഹം കൈമുതലാക്കിയ മതേതരത്വ നിലപാട് ഈ നാടിന് മാതൃകയാണ്.
ഇന്ത്യാ ഗവണ്‍മെന്‍റ് നടപ്പാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രേമചന്ദ്രന്‍ നടത്തിയ സന്ധിയില്ലാത്ത പോരാട്ടം നമുക്ക് പരിചിതമാണ്. നാട്ടിലെ വികസനപ്രവര്‍ത്തനത്തിനുവേണ്ടി യത്നിക്കുന്ന അദ്ദേഹം ഇരുപത്തിനാല് മണിക്കൂറും കര്‍മ്മനിരതനാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വികസനത്തിന്‍റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്.
ഇന്നത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടുകള്‍ ഈ നാടിനെ എങ്ങനെ ബാധിക്കുമെന്ന് ഞാന്‍ പറയേണ്ടതില്ല. ചക്കിക്കൊത്ത ചങ്കരന്‍ എന്നുള്ള നിലയിലാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ ഭരണം നടത്തുന്നത്. തൊഴിലാളികള്‍ക്ക് പെന്‍ഷനില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ല. ട്രഷറി പൂട്ടിയ അവസ്ഥയിലാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാനം എങ്ങനെ മുന്നോട്ടുപോകുമെന്നത് നമുക്ക് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
വാളയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കണ്ണുനീര്‍ ഉണങ്ങാത്ത കേരളമാണ് നമ്മുടേത്. സിദ്ധാര്‍ത്ഥന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് ഗവണ്‍മെന്‍റ് സംസാരിക്കുന്നില്ലെന്ന് മാത്രമല്ല യാതൊരുവിധ നടപടിയും എടുക്കുന്നില്ല. തിരുവനന്തപുരത്ത് നടന്ന യൂണിവേഴ്സിറ്റി കലോത്സവം കോഴയുടെ കൂത്തരങ്ങായി മാറി. തുടര്‍ന്ന് വിധികര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്കെത്തി. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് നടന്ന കലോത്സവ വിധിയെഴുത്തിന്‍റെ നാറുന്ന കഥകള്‍ അങ്ങാടിപ്പാട്ടാണ്.
വിലക്കയറ്റത്തിന്‍റെയും ധൂര്‍ത്തിന്‍റെയും പര്യായമായി കേരള സര്‍ക്കാര്‍ മാറിയിരിക്കുന്നു. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലില്‍ നിന്ന് എക്സാലോജിക്കും വീണാ വിജയനും ചെയ്യാത്ത സേവനത്തിന് കോടികള്‍ കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന കണ്ടെത്തല്‍. അന്‍പത് ലക്ഷം പേര്‍ക്ക് സാമൂഹ്യപെന്‍ഷന്‍ നല്‍കിയിട്ട് അഞ്ച് വര്‍ഷമായി. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ അദ്ധ്യയനവര്‍ഷം സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം പോലും നിലച്ചു. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ കണ്ണീര്‍ തളംകെട്ടി നില്‍ക്കുകയാണെന്ന് ഷിബു ബേബിജോണ്‍ ആരോപിച്ചു.
അതുപോലെതന്നെ ഏപ്രില്‍ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ വിധിയെഴുത്ത് നടക്കുമെന്നും കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും പ്രേമചന്ദ്രന്‍ ഹാട്രിക്ക് വിജയം നേടുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.
ബിന്ദു കൃഷ്ണയുടെ അദ്ധ്യക്ഷതയില്‍ വി.എസ്. ശിവകുമാര്‍, എം.എം. നസീര്‍, പി.രാജേന്ദ്രപ്രസാദ്, കെ.എസ്. വേണുഗോപാല്‍, സുല്‍ഫിക്കര്‍ സലാം, ബാബു ദിവാകരന്‍, കൈപ്പുഴ റാംമോഹന്‍, പി.ആര്‍. പ്രതാപചന്ദ്രന്‍, ആര്‍. സുനില്‍, സൂരജ് രവി, ജെര്‍മ്മിയാസ്, കെ. സുരേഷ് ബാബു, രാജശേഖരന്‍ പിള്ള, നയാസ് മുഹമ്മദ്, പ്രകാശ് മൈനാഗപ്പള്ളി, പി. പ്രകാശ് ബാബു, കല്ലട ഫ്രാന്‍സിസ്, അജിത് കുരീപ്പുഴ, സി.എ. ഹാഷിം, ഡി. ഗീതാകൃഷ്ണന്‍, പ്രാക്കുളം സുരേഷ്, എം.എസ്. ഗോപകുമാര്‍, കുരീപ്പുഴ മോഹനന്‍, എന്‍. ഉണ്ണികൃഷ്ണന്‍, വി. ഓമനക്കുട്ടന്‍പിള്ള, പെരിനാട് തുളസി, വലിയവീട്ടില്‍ മുഹമ്മദ്കുഞ്ഞ്, ജമീര്‍ലാല്‍, ഫെബ സുദര്‍ശനന്‍, ടെല്‍സ തോമസ്, സ്വര്‍ണ്ണമ്മ, ജെയിന്‍ അന്‍സില്‍, മീരാറാണി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.