23/4/23
തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ. നാളെ വൈകീട്ട് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം യുവം പരിപാടിയില്‍ മോദി പങ്കെടുക്കും.
മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. നാളത്തെ യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളില്‍ സംവാദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയില്‍ ഒരുക്കുന്നത്. നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ്‌എച്ച് കോളേജിലേക്ക് പോകും. കോളേജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ യുവം പരിപാടിയില്‍ യുവാക്കളുമായി മോദി സംവദിക്കും.
യുവത്തിന് ബദലായി ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളില്‍ യുവാക്കളെ അണിനിരത്തി ബദല്‍ പരിപാടി ആസ്ക് ദ പിഎം സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയില്‍ മാത്രം 25000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. യുവത്തിന് ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി, വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പ്രധാനന്ത്രിയുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ മാത്രം രണ്ടായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിക്കുന്നത്. സുരക്ഷ വിലയിരുത്താന്‍ പൊലീസ് ഉന്നതതല യോഗം ചേരും.