24/4/23
കൊച്ചി:പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി.
പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ ഐ പി എസ് അറിയിച്ചു. റോഡ് ഷോയില്‍ 15,000 പേരും യുവം പരിപാടിയില്‍ 50,000 പേരുമായിരിക്കും പങ്കെടുക്കുക.
റോഡ്‌ഷോയുടെ അകമ്പടിയോടെ എത്തുന്ന മോഡി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന യുവം കോണ്‍ക്ലേവില്‍ ഒന്നര മണിക്കൂറോളം യുവാക്കളുമായി സംവദിക്കും. രാഷ്ട്രീയ, ജാതി, മത പരിഗണനയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ വന്‍ സഞ്ചയം പരിപാടിയില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പറഞ്ഞു.സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ പരിപാടിക്ക് എത്തുമെന്നാണു വിവരം. മലയാളത്തിലെ യുവതാരങ്ങളുമുണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ആവശ്യങ്ങളും യുവാക്കളില്‍നിന്നു പ്രധാനമന്ത്രി അഭിപ്രായങ്ങൾ ശേഖരിക്കും.
തുടർന്ന്ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. കൊച്ചി നഗരത്തിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതല്‍ നഗരത്തില്‍, പ്രത്യേകിച്ച് തേവര ഭാഗത്ത് ഗതാഗത ക്രമീകരണവുമുണ്ട്.
നാളെ രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടര്‍ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.