പത്തു ലക്ഷം പേർക്ക് ജോലി; പ്രധാനമന്ത്രിയുടെ ‘മെ​ഗാ ജോബ് ഫെസ്റ്റി’ന് ദീപാവലിക്ക് തുടക്കം1 min read

20/10/22

ഡൽഹി : 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വീഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. ചടങ്ങിൽ 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കും  ഇത്. പ്രധാനമന്ത്രിയുടെ നിരന്തരമായ പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാ​ഗം കൂടിയാണ് ഇതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് ഈ പരിപാടി. രാജ്യത്ത് മതിയായ തൊഴിലവസരങ്ങൾ ഇല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇത് ഭരണകക്ഷിയായ  ബിജെപി തള്ളുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തെ നേരിടാനും ഈ നീക്കം ബിജെപിയെ സഹായിക്കും.

ഈ വർഷം ജൂണിൽ പ്രധാനമന്ത്രി മോദി വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ “മിഷൻ മോഡിൽ” റിക്രൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ അവസ്ഥ അവലോകനം ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം വന്നത്. കേന്ദ്രസർക്കാരിന്റെ 38 മന്ത്രാലയങ്ങളിലേക്കോ വകുപ്പുകളിലേക്കോ ആണ് രാജ്യത്തുടനീളമുള്ള പുതിയ റിക്രൂട്ട്‌മെന്റുകൾ.  നിയമിതരായവർ ഗ്രൂപ്പ് എ, ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തലങ്ങളിൽ സർക്കാരിൽ ചേരും. കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ, എൽഡിസി, സ്റ്റെനോ, പിഎ, ആദായനികുതി ഇൻസ്പെക്ടർമാർ, എംടിഎസ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഈ റിക്രൂട്ട്‌മെന്റുകൾ മന്ത്രാലയങ്ങളും വകുപ്പുകളും സ്വയം അല്ലെങ്കിൽ യു പി എസ് സി. എസ് എസ് സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജൻസികൾ വഴിയാണ് നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി, തിരഞ്ഞെടുപ്പ് പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതികവിദ്യ കാര്യക്ഷമമാക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *