14/6/22
ഡൽഹി : അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാനുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെ മനുഷ്യവിഭവശേഷിയുടെ തല്‍സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള കര്‍ശന ഇടപെടലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം അടിക്കടി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മനുഷ്യവിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ സര്‍ക്കാര്‍ റിക്രൂട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞു.
വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
മാർച്ച് 1 2020 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെൻറുകളിലായി 8.72 ലക്ഷം ഒഴിവുകള്‍ ഉള്ളതായി സർക്കാർ നേരത്തെ പാർലിമെന്‍റില്‍ അറിയിച്ചിരുന്നു. ഏകദേശം 40 ലക്ഷം ജീവനക്കാരാണ് കേന്ദ്ര സർക്കാർ സർവീസിൽ വേണ്ടത്. നിലവിൽ 32 ലക്ഷം പേരാണ് സർവീസിലുള്ളത്.