“ആക്രമിച്ചവർ വെറും ആയുധങ്ങൾ,തീരുമാനമെടുത്തവർ ഇന്നും കാണാമറയത്ത്, ശിക്ഷ ഇരക്കുള്ള നീതിയല്ല”:പ്രൊഫ.ടി. ജെ. ജോസഫ്1 min read

12/7/23

കൊച്ചി :തന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ മാത്രമാണെന്നും, തീരുമാനമെടുത്തവർ ഇന്നും കാണാമറയത്താണെന്നും ന്യുമാൻ കോളേജ് മുൻ പ്രൊഫസർ ടി. ജെ. ജോസഫ് .”സാധാരണ പൗരന്റെ ഒരു കൗതുകം മാത്രമാണ് തനിക്കും ഈ കേസിലുള്ളത്. പ്രതി ശിക്ഷിക്കപ്പെടുന്നത്് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം പണ്ടേയില്ല. രാജ്യത്തിന്റെ നിയമവും നീതിയും നടപ്പാകുന്നുവെന്ന് മാത്രമേ മനസ്സിലാക്കുന്നുള്ളു. ഒരു ഇരയ്ക്കും ഒരു പ്രതി ശിക്ഷിക്കപ്പെട്ടതുകൊണ്ട് ഒരു നീതിയും ലഭിക്കുമെന്ന വിശ്വാസം തനിക്കില്ല. എന്നാല്‍ രാജ്യത്തിന്റെ നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ ഒന്നും പ്രതീക്ഷിയില്ല. പ്രതികളും എന്നെപ്പോലെ ഇരയാക്കപ്പെട്ടവരാണ്. അവര്‍ പ്രാകൃതമായ മതവിശ്വാസത്തിന്റെ ഇരയായവരാണ്. അത്തരം വിശ്വാസത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് തന്നെ ആക്രമിക്കാന്‍ തുനിച്ചത്. പൗരന്മാര്‍ ശാസ്ത്രബോധത്തില്‍ വളര്‍ന്ന് ആധുനിക മനുഷ്യരാകണം. പ്രാകൃത വിശ്വാസങ്ങളുടെ അടിമത്വത്തില്‍ നിന്ന് മോചിതരാകണം.

എന്നെയും എന്നെ ആക്രമിച്ചവരുടെയും മുറിവുകള്‍ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒഴിവില്‍ കഴിയുന്ന പ്രതിയെ പിടിക്കാന്‍ പറ്റാത്തത് തന്റെ പരിധിയില്‍ വരുന്ന പ്രശ്‌നമല്ല. അന്വേഷണ സംഘത്തിന്റെ, നിയമസംവിധാനത്തിന്റെ പരാജയമാണ്.

ഈ പറയുന്ന പ്രതികള്‍ തന്നെ നേരിട്ട് അറിയുന്നവരല്ല. അവര്‍ മറ്റുള്ളവരുടെ ആജ്ഞാനുവര്‍ത്തികളായ ആയുധങ്ങളാണ്. ഈ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുകയോ വിചാരണ നേരിടുകയും ചെയ്തിട്ടില്ല. അവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഉപകരണങ്ങളാക്കപ്പെട്ട പാവങ്ങളാണ് ശിക്ഷിക്കപ്പെട്ടത്. പ്രാകൃതമായ മതവിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്നവര്‍ ഇപ്പോഴും കാണാമറയത്താണ്.

ജയിലിലടയ്‌ക്കേണ്ടത് പ്രാകൃതമായ നിയമങ്ങളെയും കാണാമറയത്തുള്ള ശരിയായ പ്രതികളെയുമാണ്. ഭൗതിക ജീവിതത്തിന് ശാസ്ത്രനേട്ടങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ 2000 വര്‍ഷങ്ങള്‍ക്കും 1400 വര്‍ഷങ്ങള്‍ക്കും മുന്‍പുള്ള മതനിയമങ്ങളാണ് മാനസികമായി ഉപയോഗിക്കുന്നത്.

എന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് മാത്രമേയുള്ളു. ആരും ജീവിതം തകര്‍ത്തിട്ടില്ല. ഒന്നും ചെയ്യാതിരുന്ന തനിക്കു നേരെ ആക്രമണം നടത്തിയ പ്രാകൃത നിയമത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. ഏതു യുദ്ധത്തിലും നഷ്ടങ്ങളുണ്ടാകും. താന്‍ യുദ്ധം ജയിച്ചു. എന്നാല്‍ തനിക്കും നഷ്ടമുണ്ടായി. മനുഷ്യരെ ചങ്ങലയ്ക്കിടുന്ന പ്രാകൃത നിയമങ്ങളുടെ തടവറയില്‍ നിന്ന്് മോചിപ്പിക്കാന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *