പ്രൊഫ. ടി. ജെ.ചന്ദ്രചൂഡൻ പുരസ്കാരം സി. ദിവാകരന് നൽകി1 min read

 

തിരുവനന്തപുരം: തിരുവായിക്ക് എതിർവായില്ലൊയെന്ന് പറയുന്നതല്ല ഇടതുപക്ഷമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.

ആർ എസ് പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡൻ അനുസ്മരണ സമ്മേളനം പ്രസ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ആരേയും ഭയം കൂടാതെ ശരിയായ രാഷ്ട്രീയം പറയുന്ന വ്യക്തിത്വമായിരുന്നു പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ. ഇടതുപക്ഷ രാഷ്ട്രീയത്തിൽ വേറിട്ട ശബ്ദമായി നിൽക്കുന്നവർ ഇന്ന് ചുരുക്കമാണ്. ഇന്നത്തെ അവസ്ഥയിൽ പോയാൽ ബംഗാളിൽ ഇടതുപക്ഷത്തിനു സംഭവിച്ചത് കേരളത്തിലും സംഭവിക്കും. ഇന്ന് രാഷ്ട്രീയത്തിൽ പകയും വിദ്വേഷവും കൊണ്ടുനടക്കുന്നു. വർഗ്ഗീയ കക്ഷികൾക്ക് വോട്ടു ചെയ്യാൻ ഒരു മടിയുമില്ലാത്ത അവസ്ഥ കേരളത്തിലുണ്ടാവുന്നു . വർഗ്ഗീയതയോടുള്ള ലക്ഷ്മണ രേഖ ഇല്ലാതാവുന്നു. ഇവിടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രസക്തി ചന്ദ്രചൂഡൻസാർ ചൂണ്ടിക്കാട്ടിയിരുന്നതെന്ന് ഷിബു ബേബിജോൺ പറഞ്ഞു.

ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ മൂല്യങ്ങൾ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും നിസ്തുലമായ സംഭാവന നൽകുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുരുന്നു പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ എന്ന് ആർ എസ് പി കേന്ദ്ര കമ്മിറ്റി അംഗം എൻ.കെ. പ്രേമചന്ദ്രൻ എം പി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ടു പറഞ്ഞു.

കെ. കരുണാകരൻ രൂപീകരിച്ച ഡി ഐസിയെ ഇടതുമുന്നണിയിൽ എടുക്കുന്നതിനായി ചർച്ച നടന്ന ഘട്ടത്തിലടക്കം അന്ന് എൽഡിഎഫിലുണ്ടായിരുന്ന ആർഎസ്പിയുടെ വിയോജിപ്പ് തുറന്നു പറയാൻ പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ തയ്യാറായിയെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

ജനങ്ങളാണ് ഇടതുപക്ഷം എന്നും സാധാരണ ജനങ്ങൾ എല്ലാം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും അവർ നിശബ്ദരാണെന്നും പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ പുരസ്കാര ജേതാവ് സി. ദിവാകരൻ പറഞ്ഞു.

സി പി ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന് പുരസ്കാരം ( 25000 രൂപ ) ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ നൽകി.

യുടിയുസി ദേശീയ പ്രസിഡൻ്റ് എ.എ അസീസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ സി ഗൗരിദാസൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ: ടി.ജെ ചന്ദ്രചൂഡൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം പി സാജു സ്വാഗതവും ആർ എസ് പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്ന കുമാർ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *