സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ്.
കൊച്ചി: റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനം 3 മാസത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് കടക്കുകയാണ് ഗതാഗത വകുപ്പ് നടപടികൾ . നിലവിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകളെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്റെ പുതിയ നീക്കം. ഇതിൽ ഏറ്റവും പ്രധാനം ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നതാണ്. ട്രാഫിക് നിയമ ലംഘനം തടയാൻ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് ഗതാഗത വകുപ്പ് എത്തിച്ചേർന്നിരിക്കുന്നത്.
അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് അറിയിച്ചു. എ ഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു.