തിരുവനന്തപുരം :രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം.അറസ്റ്റിലായ എട്ടാം ദിവസമാണ് തിരുവനന്തപുരം സിജെഎം കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നുതന്നെ രാഹുല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപ കെട്ടിവയ്ക്കണം. എല്ലാ ചൊവ്വാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫീസ് മാര്‍ച്ചിലുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്, ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസും.ജാമ്യമില്ലാ വകുപ്പുകളായിരുന്നു രാഹുലിനെതിരെ ചുമത്തിയിരുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രാഹുലിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ നിരവധി നേതാക്കള്‍ രാഹുലിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
നവകേരളസദസിനുനേരെ നടന്ന പ്രതിഷേധങ്ങളെ പൊലീസും സിപിഎമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. കേസില്‍ എം.എല്‍.എമാരായ ഷാഫി പറമ്പിൽ , എം. വിൻസെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്.