രാഹുൽ മാങ്കൂട്ടത്തെ കോടതിയിൽ ഹാജരാക്കി, അറസ്റ്റിനെതിരെ പ്രതിഷേധം ശക്തം1 min read

തിരുവനന്തപുരം :യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ കോടതിയിൽ ഹാജരാക്കി. വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. കോടതിയിൽ എത്തിക്കുന്നതിന് മുൻപായി ഫോർട്ട്‌ ആശുപത്രിക്ക് മുന്നിൽ വച്ച് പോലീസ് വാഹനം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിന് ഇടയായി.

ഇന്ന് രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍നിന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ പൊലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

നവകേരളസദസിനു നേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസില്‍ എം.എല്‍.എമാരായ ഷാഫി പറമ്ബില്‍, എം. വിൻസെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്.

രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.അറസ്റ്റിനെതിരെ മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ശക്തമായി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *