ആശാപ്രവര്‍ത്തകരുടെ സമരം: ചര്‍ച്ച നടത്താനുള്ള ധാര്‍മ്മികത സര്‍ക്കാര്‍ കാണിക്കണം:രാജീവ്ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: സമരത്തിലുള്ള ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താനുള്ള ധാര്‍മ്മികത സര്‍ക്കാര്‍ കാണിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. സെക്രട്ടേറിയറ്റ് പടിക്കലെ സമര പന്തലില്‍ ആറ്റുകാല്‍ പൊങ്കാലയിട്ട ആശാപ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ആശാപ്രവര്‍ത്തകര്‍ സമരത്തിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ആശാപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം. സമരം 32 ദിവസം പിന്നിടുകയാണ്. ഇനിയും നീണ്ടുപോകുന്നത് ശരിയായ രീതിയല്ല. ആവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്മനസ് കാണിക്കണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉറപ്പായിട്ടുണ്ട്.
സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. ആരോഗ്യരംഗത്തിന്റെ മുന്നണി പോരാളികളായ ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള മോഡല്‍ എന്ന് വീമ്പിളക്കുന്നവര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാരിനാണ് ആരോഗ്യരംഗത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം. എല്ലാം കേന്ദ്ര സര്‍ക്കാരാണ് ചെയ്യേണ്ടെതെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക ദുര്‍വിനിയോഗത്തിന്റെയും ധനപ്രതിസന്ധിയുടെയും ദുരിതം അനുഭവിക്കുന്നത് ആശാപ്രവര്‍ത്തകരെ പോലുള്ളവരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, പാപ്പനംകോട് നന്ദു, നെട്ടയം കൗണ്‍സിലര്‍ നന്ദ ഭാര്‍ഗവ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു,
നേരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെത്തിയ രാജീവ് ചന്ദ്രശേഖർ പത്നി അഞ്ജു ചന്ദ്രശേഖറിനൊപ്പം ദേവീ ദർശനം നടത്തി. പൊങ്കാല ഉത്സവത്തിന് പണ്ടാര അടുപ്പിൽ തീ പകരുന്ന ചടങ്ങിന് അദ്ദേഹം സാക്ഷിയായി. ക്ഷേത്രപരിസരത്ത് പൊങ്കാലയിടുന്ന ഭക്തരെ സന്ദർശിച്ച് ആശംസകൾ അർപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.

*ചിത്രം* : ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സെക്രട്ടേറിയറ്റ് നടയിൽ സമരപ്പന്തലിൽ ആറ്റുകാൽ പൊങ്കാലയിട്ട ആശാ പ്രവർത്തകരെ സന്ദർശിച്ചപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *