തിരുവനന്തപുരം: തിക്കുറിശ്ശി സുകുമാരന്‍നായര്‍ മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറും ബഹുമുഖ പ്രതിഭയുമായിരുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തിക്കുറിശ്ശി ഫൗണ്ടേഷന് സംഘടിപ്പിച്ച തിക്കുറിശ്ശി സുകുമാരന്‍നായര്‍ അനുസ്മരണവും ദൃശ്യമാധ്യമ പുരസ്കാര സമര്‍പ്പണവും അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവഭാരതവും ഇന്ന് രാജ്യാന്തര രംഗത്ത് സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്. മുമ്പ് നമ്മെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒരു പാവം രാജ്യം എന്ന ആത്മവിശ്വാസമില്ലാത്ത രീതിയായിരുന്നു. ഇന്ന് ലോകരാജ്യങ്ങള്‍ക്ക് പ്രചോദനമേകുന്ന സൂപ്പര്‍ശക്തിയായി വളര്‍ന്നിരിക്കുന്നു. ജി-20 യുടെ വിജയവും ഉക്രൈന്-റഷ്യ യുദ്ധകാലത്ത് ഭാരതീയ പൗരന്മാര്ക്ക് കിട്ടിയ പരിഗണനയും ഇത് വ്യക്തമാക്കുന്നു. സാമ്പത്തിക വളര്‍ച്ച, കാര്യശേഷി, ബൗദ്ധിക മേധാവിത്വം, ആത്മീയത, ഇന്റര്‍നാഷണല്‍ യോഗാദിനം തുടങ്ങിയ രംഗങ്ങളിലെല്ലാം ഇന്ന് ഭാരതം ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.
സോഷ്യല്‍മീഡിയ ശക്തമായ ഇക്കാലത്ത് പച്ചക്കള്ളം പടച്ചുവിടുന്നവരുമുണ്ട്. ക്രിത്രിമ ബുദ്ധിയുടെ ഡിജിറ്റല്‍ യുഗത്തില്‍ മൂല്യവത്തായ മാധ്യമപ്രവര്‍ത്തനത്തിന് പ്രാധാന്യവും അംഗീകാരവും നല്‍കേണ്ടതാവശ്യമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 16 ാമത് ദൃശ്യമാധ്യമ പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
2024-03-13