തിരുവനന്തപുരം: പണയത്തിലായ വീട് തിരിച്ചെടുക്കാന്‍ വീല്‍ ചെയറില്‍ നെട്ടോട്ടമോടുന്ന രാജാജി നഗര്‍ നിവാസി ലിസിക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്ത്വനം. വീട് തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞപ്പോള്‍ 40കാരി ലിസിയുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കം. ഉപജീവനമാര്‍ഗമായ കച്ചവടത്തില്‍ നഷ്ടം സംഭവിച്ച് സാമ്പത്തിക പരാധീനതമൂലമാണ് വീട് പണയപ്പെടുത്തേണ്ടി വന്നത്.
പോളിയോ ബാധിതയായ ലിസി ഇലക്ട്രിക് വീല്‍ ചെയറിലാണ് നിവേദനവുമായി കേന്ദ്രമന്ത്രി കൂടി ആയ സ്ഥാനാര്‍ത്ഥിയെ കണ്ടത്. ലിസിയുടെ അടുത്തെത്തി രാജീവ് ചന്ദ്രശേഖര്‍ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. രണ്ടര വയസില്‍ പോളിയോ ബാധിച്ചുവെന്നും പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ലെന്നും ലിസി പറഞ്ഞു.
അച്ഛന്‍ അല്‍ഫോണ്‍സിന്റെയും അമ്മ കായിയുടേയും തണലിലായി ജീവിതം. കല്യാണ പ്രായമായപ്പോള്‍ ജോയ് ജീവിതത്തിലേക്ക് കടന്നു വന്നു. ഒരു മകനുണ്ട്. ചെറുകിട വ്യവസായത്തിനായി സ്വകാര്യ വ്യക്തിയില്‍ നിന്നും 2.5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
കച്ചവടം നഷ്ടത്തിലായതോടെ തിരിച്ചടവ് മുടങ്ങി, പലിശ മുടങ്ങി. കണ്ണീരിലമര്‍ന്ന ലിസിയുടെ ജീവിത കഥ കേട്ട രാജീവ് ചന്ദ്രശേഖര്‍ പ്രശ്‌നം പരിഹരിക്കാമെന്ന് സാന്ത്വനമേകി.