ആലുവ കൊലപാതകം :മന്ത്രി പി. രാജീവ്‌ കുഞ്ഞിന്റെ വീട് സന്ദർശിക്കും1 min read

31/7/23

ആലുവ :അഞ്ചു വയസുകാരിയുടെ സംസ്കാരചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന ആരോപണത്തിനിടെ മന്ത്രി പി. രാജീവ്‌ ഇന്ന് കുട്ടിയുടെ വീട്ടിലെത്തും.വൈകുന്നേരം എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

 ഇന്നലെ രാത്രി 9.30ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജും ജില്ലാ കളക്ടര്‍ എൻ.എസ്.കെ. ഉമേഷും ബാലികയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജില്ലാ കളക്ടറോ എസ്.പിയോ തഹസില്‍ദാരോ മന്ത്രിമാരോ ഇടത് എം.എല്‍.എമാരോ പൊതുദര്‍ശനത്തിനോ ശ്മശാനത്തിലോ അന്തിമോപചാരം അര്‍പ്പിക്കാനുണ്ടായിരുന്നില്ല. ഇത് വിവാദമായപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വൈകിട്ട് കുഞ്ഞിന്റെ വീട്ടിലെത്തി.

മന്ത്രിമാരും സര്‍ക്കാര്‍ പ്രതിനിധികളും എത്താൻ വൈകിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട നടപടികളും പൊലീസ്‌അന്വേഷണവും കൃത്യമായ നടന്നിട്ടുണ്ട്. തുടര്‍ന്നും ശക്തമായ നടപടിയുണ്ടാകും. കുടുംബത്തിന് പോക്സോ കേസ് ഇരകള്‍ക്കുള്ള ആനുകൂല്യം ഉടൻ നല്‍കുമെന്നും മറ്റു സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍തലത്തില്‍ തീരുമാനിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എസ്.അരുണ്‍കുമാര്‍, ഏരിയ സെക്രട്ടറി എ.പി. ഉദയകുമാര്‍ എന്നിവരാണ് ഇന്നലെ രാവിലെ അന്തിമോപചാരം അര്‍പ്പിച്ച പാര്‍ട്ടി പ്രമുഖര്‍. കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എം.പി, എം.എല്‍.എമാരായ അൻവര്‍ സാദത്ത്, റോജി എം. ജോണ്‍, ഉമ തോമസ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍ തട്ടാരത്ത്, മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ട് തുടങ്ങിയവര്‍ ഇന്നലെ രാവിലെ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശനിയാഴ്ച ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിനെ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *