SSLC, പ്ലസ് ടു പരീക്ഷ ഫലങ്ങൾ ജില്ലാതലത്തിൽ വിശകലനം ചെയ്യും :മന്ത്രി. വി. ശിവൻകുട്ടി1 min read

16/6/23

തിരുവനന്തപുരം :SSLC, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വിലയിരുത്തുമെന്ന് മന്ത്രി. വി. ശിവൻകുട്ടി

പരീക്ഷാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പല ജില്ലകളും പ്രതീക്ഷിക്കാത്തവണ്ണം പിന്നോക്കം പോയ അവസ്ഥയുണ്ട്. ഇത് ജില്ലാതലങ്ങളില്‍ തന്നെ പരിശോധിച്ച്‌ സത്വര നടപടികള്‍ സ്വീകരിക്കണം.

2021-22 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്ക് നിലവിലുള്ള ഒരു ദിവസത്തെ പരിശീലനം വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്നും അധ്യാപക പരിശീലനം ഒരാഴ്ച നീളുന്ന റസിഡൻഷ്യല്‍ പരിശീലനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കുകയാണ്.

അധ്യാപകരുടെ എല്ലാവിധ അവകാശങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കും. പക്ഷേ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കും കാര്യങ്ങള്‍ക്കും അധ്യാപകര്‍ പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്. അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും മെമന്റോയും വിതരണം ചെയ്തു.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി തലങ്ങളില്‍ അഞ്ചുവീതം പേരും വി.എച്ച്‌.എസ്.ഇ വിഭാഗത്തില്‍ രണ്ടും ഉള്‍പ്പെടെ 22 അധ്യാപകര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ മൂന്ന് അധ്യാപകര്‍ മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.

പരിപാടിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ് എസ്, കൈറ്റ് സി.ഇ.ഒ കെ അൻവര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *