എല്ലാ ജില്ലകളിലും തൊഴിൽ -വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ജനസംബർഗ്ഗ പരിപാടികൾ സംഘടിപ്പിക്കും :മന്ത്രി വി. ശിവൻകുട്ടി1 min read

22/2/23

തിരുവനന്തപുരം:എല്ലാജില്ലകളിലും പൊതു ജനങ്ങളില്‍ നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സംബർഗ്ഗ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി. വി. ശിവൻകുട്ടി. മന്ത്രി തന്നെ നേരിട്ട്പരാതികള്‍ സ്വീകരിക്കുമെന്നും, ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു . വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള എട്ട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കുടിശ്ശിക ഫയലുകളുടെ കാര്യത്തില്‍ നിയമന അംഗീകാരം, പെന്‍ഷന്‍ ഫയലുകള്‍ എന്നിവ കര്‍ശന പരിശോധന നടത്തി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തീര്‍പ്പാക്കണം. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനാംഗീകാരങ്ങള്‍, മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ കൃത്യസമയത്ത് നടപടി പൂര്‍ത്തിയാക്കാതെ നീട്ടികൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുടിശ്ശിക ഫയലുകളുടെ കാര്യത്തില്‍ 62 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിയമനാംഗീകാരം സംബന്ധിച്ച മറ്റ് ഫയലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന പരിശോധന അടിയന്തരമായി നടത്തണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പതിനായിരത്തിലധികം ഫയലുകള്‍ കോടതികളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നുണ്ട്. ഇവ തീര്‍പ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഡെപ്യൂട്ടി ഡയറക്ടര്‍മാരും അവരവരുടെ ചുമതലയുള്ള പ്രദേശത്തെ പ്ലാന്‍ ഫണ്ട്, കിഫ്ബി ഫണ്ട് മുഖാന്തിരം തുക അനുവദിക്കപ്പെട്ട സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം. വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റര്‍മാര്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനയും പ്രതിമാസ അവലോകനവും ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് വിദ്യാഭ്യാസ ഓഫീസുകളിലേക്ക് ബന്ധപ്പെടുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലും ലാന്‍ഡ്ഫോണ്‍ സൗകര്യം ഉണ്ടായിരിക്കണം. സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് പരാതി പറയാനും വിവരങ്ങള്‍ അന്വേഷിക്കാനും ലാന്‍ഡ് ഫോണ്‍ സംവിധാനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷാ നടത്തിപ്പില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്കുള്ള പരീക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ യാതൊരു വീഴ്ചയും കൂടാതെയുള്ള പ്രവര്‍ത്തനം നടത്തണം. പൊതുവിദ്യാഭ്യാസ വകുപ്പില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 6005 അധിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള ശുപാര്‍ശ കൈമാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂള്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലേക്ക് കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സാഹചര്യത്തിലാണ് അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *