23/4/23
തൃശൂര്‍: എ ഐ കാമറ സ്ഥാപിച്ചതിന്റെ പേരില്‍ അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നും എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ക്യാമറ സ്ഥാപിച്ചതില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ തന്നില്ല. എന്നാലിപ്പോള്‍ രേഖകള്‍ തന്റെ കയ്യിലുണ്ട്. രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികൾക്ക് മുന്‍ പരിചയമില്ല. സര്‍ക്കാര്‍ പദ്ധതിക്കുള്ള തുക വര്‍ദ്ധിപ്പിച്ചതിലും ദുരൂഹതയുണ്ട്.
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതിയാണിത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കൊള്ളയാണിത്. എസ് ഐ എര്‍ ടി എന്ന ബംഗളൂരു കമ്പനിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. ഈ കരാറിന്റെ ടെന്‍ഡറില്‍ അവ്യക്തതയുണ്ട്. 151.22 കോടിക്കാണ് കെല്‍ട്രോണ്‍ എസ് ഐ ആര്‍ ടിയ്ക്ക് കരാര്‍ നല്‍കിയത്. എസ് ഐ ആര്‍ ടി മറ്റ് രണ്ട് കമ്പനികൾക്ക് ഉപകരാര്‍ നല്‍കി.
75 കോടിയ്ക്ക് കമ്പനികൾ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോഴത് 232 കോടി രൂപയായി. 81 കോടി അധികം വന്നു. രണ്ടാമത് വര്‍ദ്ധിപ്പിച്ച തുകയ്ക്ക് കരാര്‍ വരാനുള്ള കാരണമെന്താണ്? കൊള്ളലാഭത്തിന് സ്വകാര്യ കമ്പനിക്ക് അവസരമൊരുക്കുകയാണ്. സര്‍ക്കാരിനും കമ്പനികൾക്കും പദ്ധതിയില്‍ മുതല്‍മുടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.