ഓരോ കറന്‍സി നോട്ടുകളും അത്ഭുതങ്ങളുടെ ഒരു കൂടാരമാണ്. ഓരോ കോണിലുമുള്ള സുരക്ഷാ രേഖകൾ മുതൽ അതിലെ ചിത്രങ്ങൾ വരെ അതിശയിപ്പിക്കും. ഇപ്പോൾ പ്രചാരത്തിൽ ഉള്ള 100 രൂപയുടെ പുതിയ കറൻസിയിലും ഇത്തരം കുറച്ചധികം പ്രത്യേകതകളുണ്ട്. ലാവെൻഡർ നിറത്തിൽ തുടങ്ങി മാറി വന്ന പുതിയ ചിത്രം വരെ ഈ നോട്ടിന്റെ പ്രത്യേകതകളാണ്.
പുതിയ കറൻസിയിൽ പ്രത്യക്ഷപ്പെട്ട റാണി കി വാവ് എന്ന നിർമ്മിതിയുടെ വിശേഷങ്ങൾ അറിയാം…പഴയ നൂറു രൂപ കറൻസിയിൽ ഉണ്ടായിരുന്നത് കാഞ്ചൻജംഗ കൊടുമുടിയുടെ ചിത്രമായിരുന്നു. എന്നാൽ 100 രൂപയുടെ പുതിയ കറൻസിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് റാണി കി വാവ് എന്ന പടവു കിണറാണ്.
ഭർത്താവിനോടുള്ള സ്നോഹ സ്മാരകമായി ഭാര്യ നിർമ്മിച്ച ഒരത്ഭുത നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ.സഞ്ചാരികൾക്കും, ചരിത്രകാരൻമാർക്കും ഇടയില്‍ അത്രയധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന ഒരു ചരിത്ര നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഇതുള്ളത്.
യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്. പിന്നീട് 2016 ൽ ഇവിടം രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടംനേടിയിരുന്നു. സോളങ്കി രാജവംശത്തിന്റെ നിർമ്മിതിയായ ഇത് കാണാൻ ഇതിലധികം കാരണങ്ങളൊന്നും വേണ്ട.നിത്യ പ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ ഷാജഹാൻ തൻറെ ഭാര്യയായ മുംതാസിനു വേണ്ടി നിർമ്മിച്ചതാണ്. എന്നാൽ റാണി കി വാവിന്‍റെ ചരിത്രം പരിശോധിച്ചാൽ ഈ നിർമ്മിതി ഭാര്യ തന്റെ ഭർത്താവിനായി നിർമ്മിച്ചതാണെന്നു കാണാം.ഗുജറാത്തിലെ പ്രമുഖ രാജവംശമായിരുന്ന സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഇത് നിർമ്മിക്കുന്നത്.
അദ്ദേഹത്തിന്‍റെ സ്മാരകം എന്ന നിലയിൽ 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.നിർമ്മിതിയുടെ കാര്യത്തിൽ ഇതൊരു സംഭവം തന്നെയായിരുന്നു. ഗുജറാത്തിലെ മറ്റെല്ലാ പടവുകിണറുകളിലും വെച്ച് ഏറ്റവും പ്രശസ്തവും ഇന്നും നിലനിലനിൽക്കുന്നതും ഇതുതന്നെയാണ്. 64 മീറ്റര്‍ നീളവും, 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്.
1068 ൽ നിർമ്മാണം പൂര്‍ത്തിയാക്കിയ ഇത് പിന്നീട് പ്രകൃതിയുടെ പല മാറ്റങ്ങൾക്കും വിധേയമായി. പിന്നീട് എപ്പോഴോ സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ പടവ് കിണർ വെള്ളത്തിനടിയിലായി. പിന്നെ ഇതിനെക്കുറിച്ച് വിവിരങ്ങൾ ഒന്നും ഇല്ലായിരുന്നു.
1980 കളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തിയ ഖനന പ്രവർത്തനങ്ങൾക്കിടെയാണ് ഇത് ഉയർന്നു വരുന്നത്.നിർമ്മാണ കലയുടെ ഒരു വിസ്മയമായാണ് യുനസ്കോ റാണി കി വാവിനെ കണക്കാക്കുന്നത്. അക്കാലത്തെ സാങ്കേതിക വിദ്യകളുടെ വളർച്ചയെയും, ജല ലഭ്യത തീരെ കുറവുള്ള ഒരിടത്ത് ജലസംരക്ഷണത്തിനായി ഒരുക്കിയ മാതൃകകളും മറ്റൊരിടത്തും കാണുവാൻ സാധിക്കാത്താണെന്നാണ് അവർ പറയുന്നത്.ജലസംവിധാനം മാത്രമല്ല
വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും, കടുത്തചൂടും അനുഭവപ്പെടുന്ന ഇവിടെ ജലസംരക്ഷണത്തിനു വേണ്ടി മാത്രം നിർമ്മിച്ച ഒന്ന് എന്നിതിനെ വിളിക്കുവാൻ സാധിക്കില്ല.
എല്ലാത്തിലുമുപരിയായി ഇതൊരു നിർമ്മാണ വിസ്മയമാണ്.ഭൂമിക്കടിയിലേക്ക് ഏഴു നിലകളിലായാണ് റാണി കി വാവ് നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുന്‍പ് ഇത്രയും വളർന്ന വാസ്തു വിദ്യയും, കഴിവുകളും നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നു എന്നതിന്റെ അടയാളമാണ് ഈ പടവ് കിണർ. പ്രകൃതി ദുരന്തങ്ങളെയും, യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിർമ്മാണ വൈവിധ്യം തന്നെയാണ്.കാലത്തെ അതിജീവിച്ചു നിൽക്കുന്ന കൊത്തുപണികളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഏഴു നിലകളിലായുള്ള ഇതിൻരെ ചുവരുകളിൽ നിറയെ പുരാണ കഥാപാത്രങ്ങളെയും, കഥാസന്ദർഭങ്ങളെയും കൊത്തിയിരിക്കുന്നത് കാണാം.ഇവിടെ ഏറ്റവും അധികം കൊത്തു പണികൾ ഉള്ളത് വിഷ്ണുവിനാണ്. വിഷ്ണുവിന്‍റെ രൂപങ്ങൾക്കു പുറമേ അദ്ദേഹത്തിന്റെ അവതാരങ്ങളെയും, ജൈന തീർഥങ്കരൻമാരെയും ,ഹിന്ദു ദേവൻമാരെയും ഒക്കെ ഇവിടെ കൊത്തിയിരിക്കുന്നത് കാണാം.
വെറും വെള്ളം സംരക്ഷിക്കാനുള്ള ഇടം എന്നതിൽ നിന്നും മാറി മറ്റനേകം ലക്ഷ്യങ്ങളും ഇതിന്റെ നിർമ്മാണത്തിനു പിന്നിലുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
അതിന്റെ തെളിവാണ് പടവ് കിണറിന്റെ ഏറ്റവും താഴത്തെ പടിയിൽ നിന്നും തുറക്കുന്ന ഒരു തുരങ്കം. പത്താനടുത്തുള്ള സിദ്ധപൂരിലേക്കാണ് ഈ തുരങ്കം തുറക്കുന്നത്. ഏതാണ് മുപ്പത് കിലോമീറ്ററോളം നീളം ഇതിനുണ്ടത്രെ. യുദ്ധ സമയത്തും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഒക്കെ രക്ഷപ്പെടാൻ ഉപയോഗിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു.നൂറ്റാണ്ടുകളെ അതിജീവിച്ചു നിൽക്കുന്ന ഒരു നിർമ്മിതിയാണല്ലോ റാണി കി വാവ്. 2001 വരെ ഇതിന്റെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചാരികൾക്ക് പ്രവേശനമുണ്ടായിരുന്നു. എന്നാൽ ഗുജറാത്തിലെ ഭൂജിലുണ്ടായ ഭൂകമ്പത്തിൽ റാണി കി വാവിന്റെ പലഭാഗങ്ങള്‍ക്കും, കേടുപാടുകൾ സംഭവിക്കുകയും ചില സ്ഥലങ്ങൾ ഉറപ്പില്ലാതാവുകയും ചെയ്തു. അതുകൊണ്ട് സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങളിൽ പ്രവേശിക്കുവാൻ ജനങ്ങൾക്ക് അനുമതിയില്ല.
ഗുജറാത്തിലെ പഠാനില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു റാണി കി പാവിലെത്താന്‍. അടുത്തുള്ള എയര്‍പോര്‍ട്ടായ അഹമ്മദാബാദില്‍ നിന്നും 130 കിലോമീറ്ററും, മഹേസന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 41 കിലോമീറ്ററും അകലെയാണ് ഇവിടം.
(കടപ്പാട്… സമൂഹിക മാധ്യമ പോസ്റ്റ് )