ഡൽഹി :രാജ്യത്തിന്റെ 75ആം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം. ദില്ലി കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു പതാക ഉയർത്തി. പ്രധാനമന്ത്രി യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മുഖ്യാതിഥി. വികസിത് ഭാരത്, ഭാരതം-ലോകതന്ത്രത്തിന്റെ മാതൃക എന്നീ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. 13,000 പ്രത്യേക അതിഥികളാണ് ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നത്.
കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.
നാരീ ശക്തി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സേനകളിലെ വനിതാ ഓഫീസർമാരാണ് ഇത്തവണ പരേഡിന് നേതൃത്വം നല്‍കുന്നത്. ഡല്‍ഹി പൊലീസിനെ മലയാളി ഐ.പി.എസ് ഓഫീസർ ശ്വേതാ കെ. സുഗതൻ നയിക്കും.
ചരിത്രത്തിലാദ്യമായി ശംഖ്, നാദസ്വരം, നാഗദ തുടങ്ങിയ ഇന്ത്യൻ സംഗീതോപകരണങ്ങള്‍ വായിച്ച് 100ലധികം വനിതകള്‍ പരേഡിന് തുടക്കം കുറിക്കും. നാരി ശക്തിയെ പ്രതിനിധീകരിച്ച് ഫ്ലൈ പാസ്റ്റില്‍ വനിതാ പൈലറ്റുമാരും പ്രേക്ഷകരെ ആകർഷിക്കും.
അഡിഷണല്‍ ഡെപ്യൂട്ടി കമ്മിഷണർ ശ്വേതാ സുഗതൻ നയിക്കുന്ന ഡല്‍ഹി പൊലീസ് സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും അണിനിരക്കുക. മറ്റ് സായുധ സേനകളെ നയിക്കുന്നതും വനിതാ ഓഫീസർമാർ. ലെഫ്റ്റനന്റ് ജനറല്‍ ഭവ്നീഷ് കുമാർ, മേജർ ജനറല്‍ സുമിത് മേത്ത എന്നിവർ നേതൃത്വം നല്കുന്ന റിപ്പബ്ളിക് ദിന പരേഡില്‍ ഇക്കുറി ക്യാപ്റ്റൻ നോയലിന്റെ നേതൃത്വത്തില്‍ 90 അംഗ ഫ്രഞ്ച് സായുധ സേനയും പങ്കെടുക്കും. ഇവർക്ക് അകമ്ബടിയായി 30 അംഗ ഫ്രഞ്ച് ബാൻഡ് സംഘവും അടിവച്ച് നീങ്ങും. ഫ്രാൻസില്‍ നിന്നുള്ള മള്‍ട്ടി-റോള്‍ ടാങ്കർ വിമാനവും രണ്ട് റാഫേല്‍ യുദ്ധവിമാനങ്ങളും സൈനികർക്ക് മുകളിലൂടെ പറക്കും.
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, നാഗ് മിസൈല്‍, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിള്‍, പിനാക, വെപ്പണ്‍ ലൊക്കേറ്റിംഗ് റഡാർ സിസ്റ്റം ‘സ്വതി’, ഡ്രോണ്‍ ജാമർ സിസ്റ്റം തുടങ്ങി ഇന്ത്യയുടെ ആധുനിക യുദ്ധ ഉപകരണങ്ങളും ആയുധങ്ങളും കർത്തവ്യപഥില്‍ കാണാം.
സംസ്ഥാനങ്ങളുടെ നിശ്ചല ദൃശങ്ങളില്‍ കേരളം ഇക്കുറിയില്ല. ഉത്തർപ്രദേശ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മാതൃകയുമായെത്തും. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപയോക്താക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചിട്ടുണ്ട്.