തിരുവനന്തപുരം :സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ പദ്ധതിയായ ‘സമന്വയ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ റഷീദിന്റെ അദ്ധ്യക്ഷതയിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവ്വഹിക്കും. രാവിലെ 10 ന് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കുന്ന പരിപാടിയിൽ പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയായിരിക്കും.
18 നും 50 വയസ്സിനും ഇടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവർക്കായി സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നത്. പ്ലസ് ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ക്യാമ്പിലെത്തി രജിസ്ട്രേഷൻ നടത്താം. രാവിലെ 8:30 മുതൽ രജിസ്ട്രേഷൻ തുടങ്ങും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കും. ജില്ല, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകൾ തരംതിരിച്ചാണ് സ്വകാര്യ തൊഴിൽദാതാക്കളുമായി കൈകോർത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. മുസ്ലിം, കൃസ്‌ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി സിക്ക് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്കാണ് തൊഴിൽ രജിസ്ട്രേഷൻ നടത്താൻ കഴിയുക.